“സിനിമയിൽ ഒരു എതിരാളി ഉണ്ടായിരുന്നു, അയാളുമായുള്ള മത്സരമാണ് വിജയം തന്നത്..”; നടൻ വിജയിയുടെ വാക്കുകൾ ശ്രദ്ധേയമാവുന്നു

December 27, 2022

തമിഴ് സൂപ്പർ താരം വിജയിയുടെ ജനപ്രീതി അമ്പരപ്പിക്കുന്നതാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് വിജയ്. തന്റേതായ അഭിനയശൈലിയിലൂടെ ആരാധകരുടെ ദളപതിയായി മാറിയ താരത്തിന് തമിഴ്നാടിന് പുറത്തും വലിയ ആരാധകവൃന്ദമുണ്ട്. ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് വിജയ്.

ഇപ്പോൾ തന്റെ പുതിയ ചിത്രമായ വരിശിന്റെ ഓഡിയോ ലോഞ്ചിനിടയിൽ വിജയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ തനിക്ക് ഒരു എതിരാളി ഉണ്ടായിരുന്നുവെന്നും ആ എതിരാളിയുമായുള്ള മത്സരമാണ് തനിക്ക് വലിയ വിജയങ്ങൾ തന്നതെന്നും പറയുകയാണ് വിജയ്. “ജയിക്കണമെന്ന വാശിയുള്ളവർക്കുള്ളിൽ എപ്പോഴും ഒരു എതിരാളിയുണ്ടായിരിക്കണം. അയാൾ നിങ്ങൾ തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമേയില്ല. നിങ്ങൾ നിങ്ങളോടുതന്നെ പൊരുതണം. അതുമാത്രമേ നിങ്ങളെ മികച്ചവനാക്കൂ. 1990-കളിൽ എതിരാളിയായി ഒരു നടൻ രൂപപ്പെട്ടു. ആദ്യം എതിരാളിയായിരുന്നു, പിന്നെ അയാളോടുള്ള മത്സരം ​ഗൗരവമുള്ളതായി. അദ്ദേഹത്തിന്റെ വിജയങ്ങളെ ഞാൻ ഭയന്നു. ആ മത്സരാർത്ഥി ഉണ്ടായ വർഷം 1992. ‌അയാളുടെ പേര് ജോസഫ് വിജയ്”- വിജയിയുടെ വാക്കുകൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Read More: “എൻ നെഞ്ചില്‍ കുടിയിരിക്കും..”; ആരാധകർക്കൊപ്പമുള്ള വിജയിയുടെ സെൽഫി വിഡിയോ വൈറലാവുന്നു

അതേ സമയം വലിയൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് നടൻ വിജയ്. സൂപ്പർ താരത്തിന്റേതായി ഇനി പുറത്തു വരാണുള്ളതെല്ലാം പ്രതീക്ഷ നൽകുന്ന സിനിമകളാണ്. വംശി പൈഡിപ്പള്ളിയുടെ വരിശ് തന്നെയാണ് ഇതിൽ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം. നെൽസന്റെ ബീസ്റ്റിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. നേരത്തെ ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരുന്നു. “തീ ഇത് ദളപതി..” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തമിഴ് സൂപ്പർ താരം സിമ്പുവാണ്. ഗാനം വളരെ പെട്ടെന്ന് തന്നെ ഹിറ്റായി മാറിയിരുന്നു.

Story Highlights: Vijay about his competitor