“എൻ നെഞ്ചില്‍ കുടിയിരിക്കും..”; ആരാധകർക്കൊപ്പമുള്ള വിജയിയുടെ സെൽഫി വിഡിയോ വൈറലാവുന്നു

December 25, 2022

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് വിജയ്. തന്റേതായ അഭിനയശൈലിയിലൂടെ ആരാധകരുടെ ദളപതിയായി മാറിയ താരത്തിന് തമിഴ്നാടിന് പുറത്തും വലിയ ആരാധകവൃന്ദമുണ്ട്. ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് വിജയ്. ഇപ്പോൾ ആരാധകരോടൊപ്പം വിജയ് എടുത്ത ഒരു സെൽഫി വിഡിയോയാണ് വൈറലാവുന്നത്.

വിജയ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ സെൽഫി വിഡിയോ പങ്കുവെച്ചത്. ‘എൻ നെഞ്ചില്‍ കുടിയിരിക്കും’ എന്ന കുറിപ്പോടെയാണ് താരം വിഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌. ‘വരിശ്’ എന്ന ചിത്രമാണ് വിജയിയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. മഹേഷ് ബാബുവിന്റെ ‘മഹർഷി’ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.

അതേ സമയം വലിയൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് നടൻ വിജയ്. സൂപ്പർ താരത്തിന്റേതായി ഇനി പുറത്തു വരാണുള്ളതെല്ലാം പ്രതീക്ഷ നൽകുന്ന സിനിമകളാണ്. വംശി പൈഡിപ്പള്ളിയുടെ വരിശ് തന്നെയാണ് ഇതിൽ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം. നെൽസന്റെ ബീസ്റ്റിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. നേരത്തെ ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരുന്നു. “തീ ഇത് ദളപതി..” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തമിഴ് സൂപ്പർ താരം സിമ്പുവാണ്. ഗാനം വളരെ പെട്ടെന്ന് തന്നെ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിൽ സിമ്പു അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു.

Read More: ‘മണി, പസിക്കിത് മണി..’- ജയറാമിന് കാളിദാസ് നൽകിയ രസികൻ പണി, ഒപ്പം പൊട്ടിച്ചിരിയോടെ പാർവതി- വിഡിയോ

വരിശിന് ശേഷം ലോകേഷ് കനകരാജിന്റെ ദളപതി 67 ലാണ് വിജയ് അഭിനയിക്കുന്നത്. മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. അതിനാൽ തന്നെ ആരാധകരുടെ ആവേശം വാനോളമാണ്. ആക്ഷൻ കിംഗ് അർജുൻ ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ തല അജിത്തിനൊപ്പം അർജുൻ അഭിനയിച്ച ‘മങ്കാത്ത’ വമ്പൻ ഹിറ്റായി മാറിയിരുന്നു. അതിനാൽ തന്നെ അർജുൻ വിജയിയുമായി കൈകോർക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Story Highlights: Vijay selfie video with fans