ഒരിക്കലെങ്കിലും പോകണം, ലോകത്തെ ഏറ്റവും സുന്ദരമായ ഈ 5 സ്ഥലങ്ങളിലേക്ക്

അമ്പരപ്പിക്കുന്ന പർവതങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ, പച്ചവിരിച്ച കാടുകൾ തുടങ്ങി അത്ഭുതകരമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. കാണാക്കാഴ്ചകളുടെ മഹാപ്രപഞ്ചവും ഭൂമി ഒളിപ്പിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അതിമനോഹരമായ ചില സ്ഥലങ്ങൾ പരിചയപ്പെടാം.
1.ഏഞ്ചൽ ഫാൾസ്, വെനസ്വേല

ലോകത്തെ ഏറ്റവും ഉയർന്ന വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള പ്രകൃതി വിസ്മയങ്ങളാൽ നിറഞ്ഞതാണ് ഈ രാജ്യം. യുനെസ്കോ സംരക്ഷിത കനൈമ നാഷണൽ പാർക്കിലാണ് ഏഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.വെനീസ്വേലയിലെ ഏറ്റവും പ്രശസ്തമായ ഈ വെള്ളച്ചാട്ടത്തിന് നയാഗ്രയിലെതിനേക്കാൾ 19 മടങ്ങ് ഉയരം കൂടുതലുണ്ട്.
2.അന്റാർട്ടിക്ക

മഞ്ഞിനാൽ പുതഞ്ഞ അന്റാർട്ടിക്ക എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. 99 ശതമാനവും മഞ്ഞിൽ പുതഞ്ഞതാണെങ്കിലും അതിനുള്ളിലെ പ്രകൃതി വിസ്മയങ്ങൾ അന്റാർട്ടിക്ക സമ്മാനിക്കുന്നു. വജ്രനീലിമയിൽ തിളങ്ങുന്ന മഞ്ഞുപാളികൾ, മഞ്ഞിൽ വിരിഞ്ഞ തുരങ്കങ്ങൾ, വിദൂര കാഴ്ചകൾ തുടങ്ങി ഹിമക്കരടിയും, പെൻഗ്വിനും കൂടി ചേർന്ന് മനോഹരമായ ഒരു അനുഭവം അന്റാർട്ടിക്ക സമ്മാനിക്കും.
3.ആന്റലോപ് കാനിയൻ, അരിസോണ

അമേരിക്കയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു സുന്ദരമായ മലയിടുക്കാണ്. ഒരു സുന്ദരമായ ചിത്രം പോലെയുള്ള ഈ മലയിടുക്ക് തുടർച്ചയായുള്ള മലവെള്ളപ്പാച്ചിലൂടെ സൃഷ്ടിക്കപെട്ടതാണെന്ന് കരുതുന്നു.ഇവയ്ക്കിടയിൽ നൂഴ്ന്നിറങ്ങുന്ന സൂര്യപ്രകാശം മലയിടുക്കുകളുടെ ചാരുത വർധിപ്പിക്കുന്നു.
4.അറ്റകാമ മരുഭൂമി, ചിലി

അറ്റക്കാമയിലെ കാഴ്ചകൾ നിങ്ങളെ ഭൂമിക്ക് പുറത്തൊരു ലോകത്തേക്ക് നയിക്കും. ചന്ദ്രനിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അറ്റക്കാമയിലെ വാലെ ഡി ലൂണയിലേക്ക് ഒരു യാത്ര നടത്തിയാൽ മതി. കാരണം, ചന്ദ്രോപരിതലത്തിന് തുല്യമായ ഭൂപ്രകൃതിയാണ് അവിടെ. വർഷങ്ങളായുണ്ടായ മണ്ണൊലിപ്പാണ് ആകാശഗോളത്തിന് സമാനമായ ഭൂപ്രകൃതി അറ്റക്കാമയിൽ സൃഷ്ടിച്ചത്.
5.ബാൻഫ് നാഷണൽ പാർക്ക്, കാനഡ

കാനഡയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ബാൻഫ് നാഷണൽ പാർക്ക്. വന്യജീവികളും സുന്ദരമായ പ്രകൃതിയും ഒത്തിണങ്ങിയ പ്രദേശമാണിത്. തടാകങ്ങൾ ധാരാളമായി കാണപ്പെടുന്ന ഈ പാർക്കിൽ ലൂയിസ് തടാകം, മൊറെയ്ൻ തടാകം തുടങ്ങി ഒട്ടേറെ തടാകങ്ങളും ഉൾപ്പെടുന്നു.
Story highlights-world’s most beautiful places