360 ഡിഗ്രിയില്‍ കാടും കാടലും കാണാം; മരങ്ങള്‍ക്ക് മുകളില്‍ വീണുകിടക്കുന്ന ‘വിമാന ഹോട്ടല്‍’
വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. ചിലത് പ്രകൃതി സ്വയമേ ഒരുക്കിയ വിസ്മയങ്ങള്‍. മറ്റ് ചിലതാകട്ടെ മനുഷ്യനിര്‍മിതികളും. പലപ്പോഴും മനുഷ്യന്റെ ചില നിര്മിതകള് നമ്മെ അതിശയിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു നിര്‍മിതിയാണ് 727 ഫ്യൂസേജ് ഹോം.
ഇതൊരു ഹോട്ടലാണ്. വെറും ഹോട്ടല്‍ അല്ല പ്രത്യേകതകള്‍ ഏറെയുള്ള ഹോട്ടല്‍ വില്ല. സാധാരണ ഹോട്ടല്‍ വില്ല എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സിലും ഓര്മകളിലുമെല്ലാം തെളിയുന്ന ചിത്രങ്ങളില്‍ നിന്നെല്ലാം ഈ ഹോട്ടല്‍ വില്ല ഏറെ വ്യത്യസ്തവുമാണ്. കാഴ്ചയില്‍ കാടിനു നടുവില്‍ മരങ്ങള്‍ക്ക് മുകളിലായി വീണുകിടക്കുന്ന ഒരു വിമാനമായാണ് ഈ ഹോട്ടല്‍ വില്ല തോന്നുക. ഇതുതന്നെയാണ് ഈ വില്ലയുടെ പ്രധാന ആകര്‍ഷണവും.
ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ നാഷ്ണല്‍ പാര്‍ക്കുകളില്‍ ഒന്നായ കോസ്റ്ററിക്കയുടെ പസഫിക് തീരത്ത് മാന്വേല്‍ അന്റോണിയോയിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഒരു വിമാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഈ ഹോട്ടല്‍ ഒരുക്കിയിരിക്കുന്നതും. അതായത് ഒരു ബോയിങ് 727 വിമാനത്തില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തി. അങ്ങനെ സംഗതി ഒരു ആഡംബര ഹോട്ടല്‍ വില്ലയായി മാറി. സര്‍വീസ് നിര്‍ത്തിയപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ഒരു വിമാനം പൊളിച്ച് മാറ്റിയ ശേഷം വീണ്ടും ഉയരത്തില്‍ പുനര്‍നിര്‍മിക്കുകയായിരുന്നു.
വലിയൊരു ഹോട്ടല്‍ സമുച്ചയത്തിന്റെ ഭാഗമാണ് 727 ഫ്യൂസേജ് ഹോം. കോസ്റ്റ വെര്‍ഡെ എന്നാണ് ഹോട്ടല്‍ സമുച്ചയത്തിന്റെ പേര്. അതേസമയം ഫ്യൂസേജ് ഹോം എന്നത് ഹോട്ടലിന്റെ ഭാഗമായുള്ള ഒരു വില്ലയാണ്. കോസ്റ്ററിക്കാ മഴക്കാടുകള്‍ക്ക് നടുവിലായി ഏകദേശം അമ്പത് അടി ഉയരത്തിലാണ് വിമാനത്തിനുള്ളിലെ ഹോട്ടല്‍ മുറി ഒരുക്കിയിരിക്കുന്നത്. ഇതിനകത്ത് കയറിയാല്‍ കാടും കടലും അടങ്ങുന്ന സുന്ദര കാഴ്ചകള്‍ ആസ്വദിക്കാം. അതും 360 ഡിഗ്രിയില്‍.
ആഡംബരമായ രണ്ട് കിടപ്പു മുറികളും മറ്റും അടങ്ങിയിട്ടുണ്ട് ഈ ഹോട്ടല്‍ വില്ലയില്‍. ഇന്റീരിയര്‍ കൂടുതലും മരങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത് എന്നതും മറ്റൊരു ആകര്‍ഷണമാണ്. ട്രീഹൗസിന് സമാനമായ ഈ വിമാന ഹോട്ടല്‍ വില്ലയാണ് കോസ്റ്റ വെര്‍ഡെ എന്ന ഹോട്ടല്‍ സമുച്ചയത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണവും.
Story highlights: Airplane Suite in Costa Rica