2022 ഈ ചെറിയ പട്ടണത്തിലെ പെൺകുട്ടിയെ ‘സിനിമ പ്രൊഡ്യൂസർ’ ആക്കി- ഐശ്വര്യ ലക്ഷ്മി
എല്ലാവരും 2023നെ വരവേൽക്കുകയാണ്. പുതുവർഷം, കഴിഞ്ഞുപോയ വര്ഷങ്ങളുടെ ഓർമ്മകളും പുത്തൻ പ്രതീക്ഷകളുമായാണ് കടന്നുവരുന്നത്. നടി ഐശ്വര്യ ലക്ഷ്മിക്ക് ഒട്ടേറെ വിജയങ്ങളുടെ വർഷമായിരുന്നു ഇക്കഴിഞ്ഞുപോയത്. നടിയായും നിർമ്മാതാവായും ഐശ്വര്യ ലക്ഷ്മി പേര് അടയാളപ്പെടുത്തി. ഇപ്പോഴിതാ, 2022നെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് നടി.
‘എന്തൊരു വർഷമായിരുന്നു ഇത്! 2022 തീർച്ചയായും ദയയുള്ളതായിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങൾ തന്നു. സെറ്റിലെ മികച്ച ഓർമ്മകൾ, വ്യക്തിജീവിതത്തിലും സിനിമയിലും ഒരുപാട് കാര്യങ്ങൾ പഠിച്ചു. പ്രായം ഉൾക്കൊണ്ട സമയങ്ങൾ! അതിലുപരി ഒരു ചെറിയ കുട്ടിയാകുകയും ചെയ്തു!
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള മനോഹരമായ ഓർമ്മകൾ,
മികച്ച സിനിമ റിലീസുകൾ. 2022 ഈ ചെറിയ പട്ടണത്തിലെ പെൺകുട്ടിയെ “സിനിമ പ്രൊഡ്യൂസർ” ആക്കുകയും ചെയ്തു. ബിസിനസ്സിലെ മികച്ചവരുമായി പ്രവർത്തിക്കാനും കൂടുതൽ പഠിക്കാനും അവസരം ലഭിച്ചു. എനിക്ക് ഇത്രയധികം സ്നേഹം തന്നതിന് എന്റെ മാധ്യമ സുഹൃത്തുക്കൾക്കും പ്രിയ പ്രേക്ഷകർക്കും നന്ദി.
നമുക്കെല്ലാവർക്കും ഒരു അത്ഭുതകരമായ 2023 ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു! ബൈ ബൈ 2022 ! ഞാൻ നിന്നെ സ്നേഹിക്കുന്നു!2022-ലെ എന്റെ കുറച്ച് പ്രിയപ്പെട്ട നിമിഷങ്ങളാണിത്..’.
ഒട്ടേറെ ചിത്രങ്ങളിലാണ് അടുത്തിടെയായി നടി ഐശ്വര്യ ലക്ഷ്മി വേഷമിടുന്നത്. വിവിധ ഭാഷകളിലായി അടുപ്പിച്ചുള്ള റിലീസുകൾ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ സഹപ്രവർത്തകർക്കും ഐശ്വര്യ ലക്ഷ്മിയെകുറിച്ച് പറയാനുള്ളത് ചെറിയ കാര്യങ്ങളല്ല.2017ൽ റിലീസ് ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി അഭിനയ രംഗത്തേക്ക് എത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയാണ് ഐശ്വര്യ ലക്ഷ്മിയെ ജനപ്രിയയാക്കിയത്. വരത്തൻ എന്ന ചിത്രത്തിലും ശക്തമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച ഐശ്വര്യ ലക്ഷ്മി മലയാളത്തിൽ ‘ബ്രദർസ് ഡേ’, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, കാണെക്കാണെ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Story highlights- aiswaryalakshmi about 2022