വധുവിന്റെ വക ശിങ്കാരി മേളം, ഇലത്താളമടിച്ച് വരൻ, ആവേശം പകർന്ന് വധുവിന്റെ അച്ഛൻ- ഒരു വൈറൽ കല്യാണ വിഡിയോ

December 27, 2022

കല്യാണങ്ങൾ നമ്മളെ സംബന്ധിച്ച് വലിയ ആഘോഷമാണ്. കല്യാണവുമായി ബന്ധപ്പെട്ടുള്ള സേവ് ദ് ഡേറ്റ് ചിത്രങ്ങളും വിഡിയോകളുമൊക്കെ വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും വളരെ രസകരമായ ഇത്തരം വിഡിയോകൾ ആളുകളെ രസിപ്പിക്കാറുമുണ്ട്. സോഷ്യൽ മീഡിയ വന്നതോടു കൂടി ഇത്തരം വിഡിയോകളൊക്കെ വളരെ പെട്ടെന്നാണ് വൈറലാവുന്നത്.

ഇപ്പോൾ രസകരമായ ഒരു കല്യാണ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു വധുവും വരനും ശിങ്കാരി മേളത്തിനൊപ്പം കൂടുന്നതിന്റെ വിഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. ശിങ്കാരി മേളം കൊട്ടി വധു ആവേശം തീർത്തപ്പോൾ ഇലത്താളമടിച്ച് വരനും ആവേശത്തിൽ പങ്ക് ചേരുകയായിരുന്നു. ഇരുവർക്കും ആവേശം പകർന്ന് വധുവിന്റെ അച്ഛനും ഒപ്പം കൂടുകയായിരുന്നു. ഗുരുവായൂർ ചൊവ്വൂർപടി സ്വദേശി ശിൽപ്പയും കണ്ണൂർ സ്വദേശി ദേവാനന്ദുമായുള്ള കല്യാണത്തിനിടയിലാണ് രസകരമായ രംഗങ്ങൾ അരങ്ങേറിയത്.

പൊന്നൻ ശിങ്കാരിമേളം ടീം നൽകിയ വിവാഹ സമ്മാനമായിരുന്നു മേളം. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ താലികെട്ടിന് ശേഷമായിരുന്നു ശിങ്കാരിമേളം അരങ്ങേറിയത്. കഴിഞ്ഞ എട്ട് വർഷമായി ദല എന്ന സംഘടനയിലൂടെ ഷൈജു കണ്ണൂർ, രാജീവ് പാലക്കാട്, സദനം രാജേഷ് എന്നിവരുടെ കീഴിൽ പാണ്ടിമേളത്തിലും പഞ്ചാരിമേളത്തിലും ഒപ്പം ശിങ്കാരിമേളത്തിലും പ്രാവീണ്യം നേടിയിട്ടുള്ള ശിൽപ യുഎഇയിലെ വിവിധ വേദികളിലും ആഘോഷങ്ങളിലും ചെണ്ടയിൽ വിസ്മയം തീർത്തിട്ടുണ്ട്.

Read More: ബുള്ളറ്റ് ഓടിച്ച് വിവാഹമണ്ഡപത്തിലേക്ക് എത്തിയ വധു, മാസ്സ് എൻട്രിയെന്ന് സോഷ്യൽ മീഡിയ-വിഡിയോ

അതേ സമയം കുറച്ചു നാൾ മുൻപ് വിവാഹ മണ്ഡപത്തിലേക്ക് ബുള്ളറ്റിൽ ഒരു മാസ്സ് എൻട്രി നടത്തിയ നോർത്ത് ഇന്ത്യൻ വധു സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായി മാറിയിരുന്നു. ലഹംഗയണിഞ്ഞ് റോയൽ എൻഫീൽഡ് ബൈക്കിൽ വരുന്ന വധുവാണ് വിഡിയോയിലെ താരം. ഭാരമേറിയ ലഹംഗയ്‌ക്കൊപ്പം ആഭരണങ്ങളെല്ലാം അണിഞ്ഞിട്ടും അനായാസമായി തന്നെ വധു ബുള്ളറ്റ് ഓടിക്കുന്നുണ്ട്. വിവാഹ മണ്ഡപത്തിലേക്കാണ് ഈ ബുള്ളറ്റ് യാത്ര. വൈശാലി ചൗധരി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Story Highlights: Bride and groom shinkari melam