മുഖം കാണിക്കാതെ പ്രതിഷേധം; അൽഫോൻസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു

January 23, 2023

പുതുതലമുറയിലെ മലയാള സിനിമയിൽ വ്യത്യസ്‌തമായ കഥപറച്ചിൽ കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് അൽഫോൻസ് പുത്രൻ. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അൽഫോൻസ് പുത്രന്റെ ‘ഗോൾഡ്’ തിയേറ്ററുകളിലെത്തിയത്. ‘പ്രേമം’ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരുന്നത്. ഡിസംബർ 1 ന് റിലീസ് ചെയ്‌ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ലഭിച്ചത്.

ചിത്രവുമായി ബന്ധപ്പെട്ട് അൽഫോൻസും പ്രേക്ഷകരും തമ്മിൽ സമൂഹമാധ്യമങ്ങളിൽ നടന്ന സംഭാഷണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പുതുമയുള്ള കഥാഖ്യാന രീതിക്ക് ചില പ്രേക്ഷകർ കൈയടി നൽകിയപ്പോൾ വലിയൊരു വിഭാഗം ചിത്രത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.

“നിങ്ങളുടെ സംതൃപ്‌തിക്ക് വേണ്ടി എന്നെയും എന്റെ ചിത്രം ഗോൾഡിനെയും ട്രോളുമ്പോൾ നിങ്ങൾക്കത് നല്ലതായി ഭവിക്കുമെങ്കിലും എനിക്ക് അത് അങ്ങനെയല്ല. അത് കൊണ്ട് എന്റെ മുഖം ഇന്റർനെറ്റിൽ കാണിക്കാതെ ഞാൻ പ്രതിഷേധിക്കുകയാണ്..” എന്ന് തുടങ്ങുന്ന കുറിപ്പാണ് അൽഫോൻസ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. തന്റെ പ്രൊഫൈൽ ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ നിന്ന് മാറ്റിയിട്ടുണ്ട്.

Read More: ഞാനും എന്റെ ‘ബ്രോ ജി’യും- വിനീതിനൊപ്പമുള്ള ചിത്രവുമായി ശോഭന

അതേ സമയം തന്റെ മുമ്പത്തെ ചിത്രങ്ങളായ ‘നേരം’ പോലെയോ ‘പ്രേമം’ പോലെയോ ഒരു സിനിമ ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അൽഫോൺസ് പുത്രൻ ഗോൾഡിന്റെ റിലീസിന് മുൻപ് തന്നെ തുറന്ന് പറഞ്ഞിരുന്നു. “ദയവായി എന്നിൽ നിന്ന് നേരമോ പ്രേമമോ പോലുള്ള ഒരു സിനിമ പ്രതീക്ഷിക്കരുത്. നേരം എന്ന സിനിമയ്ക്ക് സമാനമായിരിക്കാം ഗോൾഡ്. എന്നാൽ അതിന്റേതായ രീതിയിൽ അത് അദ്വിതീയമാണ്. ഗോൾഡിനായി പുതുതായി എഴുതിയ 40-ലധികം പ്രതീകങ്ങളുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെ രസിപ്പിക്കാൻ ശ്രമിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് തരും”-സംവിധായകൻ പറഞ്ഞു.

Story Highlights: Alphonse puthren new facebook post