ഞാനും എന്റെ ‘ബ്രോ ജി’യും- വിനീതിനൊപ്പമുള്ള ചിത്രവുമായി ശോഭന

January 23, 2023

എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നിലനിർത്തുക എന്നത് ഒരു അസാധാരണ അഭിനേതാവിന് മാത്രം സാധിക്കുന്ന ഒന്നാണ്. അതിന്റെ മകുടോദാഹരണമാണ് ശോഭന. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രഗത്ഭയും, ഉൾക്കാഴ്ചയുള്ള അധ്യാപികയുമൊക്കെയാണെങ്കിലും ശോഭന മലയാളികൾക്ക് എന്നും ഗംഗയോ നാഗവല്ലിയോ ആണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ശോഭന ഇപ്പോഴിതാ, നടൻ വിനീതിനൊപ്പമായുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ‘ഞാനും എന്റെ ബ്രോ ജി’യും’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നടനും നർത്തകനുമായ താരമാണ് വിനീത്. ഒട്ടേറെ സിനിമകളിൽ നായകനായി വേഷമിട്ടപ്പോഴും അദ്ദേഹം നൃത്തവേദികളിൽ സജീവമായിരുന്നു. ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ലെങ്കിലും നൃത്തം ജീവവായു പോലെയാണ് വിനീതിന്. ശോഭനയും വിനീതും നൃത്തവേദിയിലും ഒന്നിച്ചെത്തിയിട്ടുണ്ട്. അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇവർ.

മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിലും വിനീത് അഭിനയിച്ചിട്ടുണ്ട്. നൃത്തവേദിയിൽ നിന്നുമാണ് വിനീത് അഭിനയ ലോകത്തേക്ക് എത്തിയത്. സ്കൂൾ കാലം മുതൽ തന്നെ ഭരതനാട്യത്തിൽ അഗ്രഗണ്യനാണ് വിനീത്. സ്‌കൂൾ യുവജനോത്സവങ്ങളിൽ തുടർച്ചയായി കലാപ്രതിഭ പട്ടവും വിനീതിന് ലഭിച്ചിട്ടുണ്ട്. 1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

Read Also: അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് 70000 രൂപ- അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

അതേസമയം, ശോഭനയുടെ വേരുകൾ നൃത്തത്തിൽ നിന്ന് പിന്തുടർന്നതാണെങ്കിലും ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ പ്രശസ്തയായ അഭിനേതാവായാണ് പ്രേക്ഷകർ അന്നും ഇന്നും ശോഭനയെ തിരിച്ചറിയുന്നത്. മലയാളം, തമിഴ്, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലായി 225-ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ശോഭന എപ്പോഴും നൃത്തത്തിനായി ജീവിക്കുന്ന വ്യക്തിയാണ്.

Story highlights- shobhana and vineeth selfie