“അവഗണനകൾ അനുഭവിച്ച് തന്നെയാണ് ഞാനും സിനിമ താരമായത്..”; 24 ന്യൂസ് ‘ഹാപ്പി ടു മീറ്റ് യു’വിൽ അതിഥിയായി ആൽഫി പഞ്ഞിക്കാരൻ
മലയാള സിനിമയിലെ പുതുതലമുറയിലെ നായികമാരിൽ ഏറെ ശ്രദ്ധേയയാണ് ആൽഫി പഞ്ഞിക്കാരൻ. ‘ശിക്കാരി ശംഭു’, ‘മാർക്കോണി മത്തായി’ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരത്തിന് ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ എന്ന ചിത്രം വലിയ പ്രശസ്തിയാണ് നൽകിയിരിക്കുന്നത്. ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
ഇപ്പോൾ 24 ന്യൂസിന്റെ ഹാപ്പി ടു മീറ്റ് യുവിൽ അതിഥിയായി എത്തിയിരിക്കുകയാണ് ആൽഫി. സിനിമകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആൽഫി പങ്കുവെച്ച കാര്യങ്ങൾ ഏറെ ശ്രദ്ധേയമായി മാറുകയാണ്. തിരക്കുള്ള ഒരു നടിയായി ഇരിക്കുമ്പോൾ തന്നെ മറ്റൊരു ജോലിയും ചെയ്യുന്നുണ്ട് താരം. സിനിമയിലെ തിരക്കുകൾക്കൊപ്പം തന്നെയാണ് സോഫ്റ്റ്വെയർ എഞ്ചിനീയറായുള്ള ജോലിയും കൊണ്ട് പോകുന്നതെന്നാണ് ആൽഫി പറയുന്നത്. രണ്ടും ഒരുമിച്ച് കൊണ്ട് പോകുന്നതാണ് തനിക്കേറെ സൗകര്യപ്രദമായി തോന്നുന്നതെന്നും ആൽഫി കൂട്ടിച്ചേർത്തു.
ജോലിയും കുടുംബവും മാത്രമായി ഒതുങ്ങി നിന്ന തനിക്ക് ലോകം ഏറെ കാട്ടിത്തന്നത് സിനിമയാണെന്നും ആൽഫി പറഞ്ഞു. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം തിരക്കുള്ള ജീവിതത്തിൽ യാത്രകൾക്കായി കൃത്യമായ ഇടവേളകൾ എടുക്കാറുണ്ട്. യാത്രകളിൽ ഇന്നും കൂടുതൽ ഓർത്തിരിക്കുന്നത് ആദ്യമായി താജ് മഹൽ കണ്ടതിന്റെ ഓർമ്മയാണെന്നാണ് ആൽഫി പറയുന്നത്.
തന്റെ സിനിമ ജീവിതത്തെ പറ്റിയും ആൽഫി പഞ്ഞിക്കാരൻ മനസ്സ് തുറക്കുന്നുണ്ട്. അവഗണനകൾ ഏറെ അനുഭവിച്ച് തന്നെയാണ് താൻ സിനിമ താരമായതെന്ന് പറയുന്ന താരം കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ പറ്റിയും വാചാലയായി. തന്നിലേക്ക് എത്തിയ സിനിമകളിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ വേണ്ടെന്ന് വെച്ചിട്ടുള്ളു. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളോടുള്ള താൽപര്യക്കുറവും താരം തുറന്ന് പറഞ്ഞു.
നടിമാരായ അപർണ ബാലമുരളിയ്ക്കും സാനിയയ്ക്കും ഈയടുത്ത് ഉണ്ടായ ദുരനുഭവങ്ങളെ പറ്റിയും ആൽഫി അഭിമുഖത്തിൽ സംസാരിച്ചു. അത്തരമൊരു അനുഭവം തനിക്കുണ്ടായാൽ താനും അതേ പോലെ പ്രതികരിക്കുമെന്നാണ് താരം പറയുന്നത്.
Story Highlights: Alphy panjikkaran 24 news interview