കെജിഎഫ് അഞ്ചാം ഭാഗത്തിൽ നായകൻ മറ്റൊരു നടൻ; നിർമ്മാതാവിന്റെ വാക്കുകൾ ശ്രദ്ധേയമാവുന്നു
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു കന്നട ചിത്രം ‘കെജിഎഫ് 2.’ ലോകം മുഴുവൻ ഐതിഹാസിക വിജയമാണ് ചിത്രം നേടിയത്. ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു കെജിഎഫിന്റെ രണ്ടാം ഭാഗമായ ‘കെജിഎഫ് 2.’ പല ബോക്സോഫീസ് റെക്കോർഡുകളും ചിത്രം ആദ്യ ദിനം തന്നെ തകർത്തിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകൾ അതാത് ഇൻഡസ്ട്രികളിൽ റെക്കോർഡ് കളക്ഷനാണ് നേടിയത്.
ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. കെജിഎഫിന് അഞ്ച് ഭാഗത്തോളം ഉണ്ടാവുമെന്നാണ് നിര്‍മ്മാതാവ് വിജയ് കിർഗന്ദൂർ പറയുന്നത്. എന്നാൽ അഞ്ചാം ഭാഗത്തിൽ നടൻ യാഷ് ആവില്ല നായകനെന്നും അദ്ദേഹം സൂചന നൽകി. കെജിഎഫ് മൂന്നാം ഭാഗത്തെ പറ്റിയുള്ള അപ്ഡേറ്റുകൾ 2025 ൽ മാത്രം പ്രതീക്ഷിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം കഴിഞ്ഞ ദിവസം ബോളിവുഡിനെ പറ്റി നടൻ യാഷ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ബോളിവുഡിന്റെ ഇപ്പോഴത്തെ അവസ്ഥയെ കളിയാക്കുന്നത് ശരിയല്ലെന്നാണ് താരം പറയുന്നത്. ഇതൊരു ഘട്ടം മാത്രമാണെന്നും കന്നട സിനിമ മേഖലയും ഇതേ അവസ്ഥയിലൂടെ നേരത്തെ കടന്ന് പോയിട്ടുണ്ടെന്നും യാഷ് കൂട്ടിച്ചേർത്തു.
“കർണ്ണാടകയിലെ ജനങ്ങൾ മറ്റൊരു വ്യവസായത്തെ മോശമായി കാണുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം എല്ലാവരും ഞങ്ങളോട് ഒരേ രീതിയിൽ പെരുമാറിയപ്പോൾ ഞങ്ങളും ഇതേ പ്രശ്നത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. ആ ബഹുമാനം ലഭിക്കാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിനുശേഷം, നമുക്ക് ആരെയും അനാദരിക്കാന്‍ ആകില്ല. നമ്മൾ എല്ലാവരെയും ബഹുമാനിക്കണം. ബോളിവുഡിനെ ബഹുമാനിക്കുക. ഈ വടക്കും തെക്കും എന്ന വിവേചനം പാടില്ല”- യാഷ് പറഞ്ഞു.
Read More: മോഹൻലാലിൻറെ ക്യാമറയിൽ പതിഞ്ഞ രജനികാന്ത്; ചിത്രം വൈറലാവുന്നു
അതേ സമയം കെജിഎഫ് 2 ലോകത്താകമാനം അമ്പരപ്പിക്കുന്ന വിജയമാണ് നേടിയത്. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും റിലീസിനായി ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു കെജിഎഫ് 2. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയത്.
Story Highlights: Another actor may play the lead role in kgf 5