മോഹൻലാലിൻറെ ക്യാമറയിൽ പതിഞ്ഞ രജനികാന്ത്; ചിത്രം വൈറലാവുന്നു

January 9, 2023

നെൽസൺ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറെ പറ്റിയുള്ള ഒരു വമ്പൻ അപ്ഡേറ്റ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ചിത്രത്തിൽ അതിഥി താരമായി അഭിനയിക്കുന്നുവെന്ന വാർത്തയാണ് ആരാധകരെ ആവേശം കൊള്ളിച്ചത്. വലിയ ആരാധക വൃന്ദമുള്ള ഇരുതാരങ്ങളും ഇത് വരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

മലയാളത്തിന്റെ മെഗാ താരമായ മമ്മൂട്ടി ‘ദളപതി’ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഉലകനായകൻ കമൽ ഹാസനൊപ്പം മോഹൻലാൽ അഭിനയിച്ചിട്ടുണ്ടെങ്കിലും രജനികാന്തിനൊപ്പം ഒരു ചിത്രത്തിൽ ഇത് വരെ ഒരുമിച്ചിട്ടില്ല. അതിനാൽ ഇരുവരും ബിഗ് സ്‌ക്രീനിൽ ഒരുമിക്കുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിലെ മോഹൻലാലിൻറെ ഒരു സ്റ്റിൽ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെയാണ് താരം ചിത്രത്തിലുണ്ടാവുമെന്ന് ഉറപ്പായത്.

എന്നാലിപ്പോൾ ജയിലറുടെ സെറ്റിൽ നിന്ന് പുറത്തു വന്ന മറ്റൊരു ചിത്രമാണ് വൈറലാവുന്നത്. മോഹൻലാലിൻറെ പേഴ്സണന്‍ ഡിസൈനറും സ്റ്റൈലിസ്റ്റുമായ ജിഷാദ് ഷംസുദ്ദീന്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണിത്. ജിഷാദ് രജനികാന്തിനൊപ്പം നിൽക്കുന്ന ഈ ചിത്രം പകർത്തിയിരിക്കുന്നത് മോഹൻലാലാണ്. ‘രജനികാന്ത് സാറിനൊപ്പമുള്ള മില്യൺ ഡോളർ നിമിഷം സൂപ്പർസ്റ്റാർ മോഹൻലാൽ സാർ പകർത്തിയപ്പോൾ’ എന്ന് കുറിച്ചു കൊണ്ടാണ് ജിഷാദ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read More: ലൈവ് പെർഫോമൻസുമായി വേദി കൈയടക്കി പ്രണവ് മോഹൻലാൽ, കമൻറ്റുമായി ആൻറണി വർഗീസ്-വിഡിയോ

അതേ സമയം ലോകമെങ്ങുമുള്ള രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലർ.’ ചിത്രത്തിൽ വിനായകനും നടി രമ്യ കൃഷ്‌ണനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു കാസ്റ്റിംഗ് വിഡിയോയിലൂടെയാണ് ഇരുവരും ചിത്രത്തിലുണ്ടെന്ന് സ്ഥിരീകരണം ഉണ്ടായത്. പടയപ്പ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്തും രമ്യ കൃഷ്‌ണനും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. 23 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.

Story Highlights: Rajinikanth photo clicked by mohanlal