“നട്ടെല്ലുള്ള മനുഷ്യൻ..”; ഷാരൂഖ് ഖാനെ പുകഴ്ത്തി അനുരാഗ് കശ്യപ്

January 31, 2023

വലിയ തകർച്ച നേരിട്ടിരുന്ന ബോളിവുഡ് വമ്പൻ തിരിച്ചു വരവാണ് പഠാനിലൂടെ നടത്തിയിരിക്കുന്നത്. ഇന്ത്യൻ ബോക്‌സോഫിസിനെ ഇളക്കിമറിക്കുകയാണ് ചിത്രം. റിലീസ് ചെയ്‌ത്‌ രണ്ടാം ദിനം തന്നെ ചിത്രം 200 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനാണ് ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാട് നിന്നും 100 കോടി നേടിയിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണിത്. അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള കളക്ഷൻ 500 കോടിയിലെത്തിയെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

ഇപ്പോൾ സംവിധായകൻ അനുരാഗ് കശ്യപ് ഷാരൂഖ് ഖാനെ പ്രശംസിച്ച് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. “വിവാദങ്ങൾ സംഭവിച്ചിട്ടും ഷാരൂഖ് നിശബ്ദനായിരുന്നു. എന്നാൽ സ്ഥിരതയോടെ, സത്യസന്ധതയോടെ അദ്ദേഹം സ്‌ക്രീനിൽ സംസാരിച്ചു. നട്ടെല്ലുള്ള മനുഷ്യനാണ് ഷാരൂഖ്. അദ്ദേഹത്തെ പോലെ സ്വന്തം ജോലിയിലൂടെ സംസാരിക്കൂ, അനാവശ്യമായി സംസാരിക്കേണ്ടതില്ലെന്ന് ഷാരൂഖ് പഠിപ്പിക്കുകയാണ്. അദ്ദേഹം ആരാണെന്നും എന്താണെന്നും ഇപ്പോൾ നമുക്ക് കാണാൻ കഴിയും”- ഒരു അഭിമുഖത്തിൽ അനുരാഗ് കശ്യപ് മനസ്സ് തുറന്നു.

അതേ സമയം മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ ഒരു വമ്പൻ തിരിച്ചു വരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയിരിക്കുന്ന ‘പഠാൻ’ ആരാധകരുടെ പ്രതീക്ഷ കാത്തുവെന്നാണ് അറിയാൻ കഴിയുന്നത്.

Read More: കോഴിക്കോടൻ മണ്ണിലെ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിൽ ആവേശം പകരാൻ ‘തൈകൂടം ബ്രിഡ്ജ്’

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജനുവരി 25 നാണ് ‘പഠാൻ’ റിലീസ് ചെയ്‌തത്‌. ദൃശ്യവിസ്മയമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിലുള്ളത്. ഷാരൂഖ് ഖാനും ജോൺ എബ്രഹാമും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളും ദീപിക പദുക്കോണിന്റെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും തിയേറ്ററുകളിൽ ആവേശം തീർക്കുകയാണ്.

Story Highlights: Anurag kashyap about sharukh khan