പിറന്നാൾ ദിനത്തിൽ ടൊവിനോയെ ട്രോളി ബേസിലും മാത്തുക്കുട്ടിയും; നടന്റെ പഴയ ചിത്രം ചിരി പടർത്തുന്നു

January 21, 2023

ഇന്നാണ് ടൊവിനോ തോമസിന്റെ പിറന്നാൾ. 33-ാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ആശംസകൾ നേരുകയാണ് മലയാള സിനിമ ലോകം. നേരത്തെ ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’ ടീം ടൊവിനോയ്ക്ക് പിറന്നാളാശംസ നേർന്ന് കൊണ്ട് രംഗത്ത് വന്നിരുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെയും പിറന്നാൾ ദിനമാണിന്ന്. ഇരുവർക്കും ഒരുമിച്ചാണ് ആഷിഖ് അബു അടക്കമുള്ളവർ ആശംസകൾ നേർന്നത്. ബഷീറിന്റെ കഥയെ ആസ്‌പദമാക്കി ഒരുക്കുന്ന നീലവെളിച്ചത്തിൽ ടൊവിനോയാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്.

എന്നാലിപ്പോൾ ടൊവിനോയുടെ അടുത്ത സുഹൃത്തുക്കളും സംവിധായകരുമായ ബേസിൽ ജോസഫും മാത്തുക്കുട്ടിയും താരത്തെ ട്രോളി പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ‘ആക്ടർ കം അസിസ്റ്റന്റ് ഡയറക്ടർ ടൊവിനോ തോമസ്, നീ ഡയറക്ഷനിൽ പച്ച പിടിച്ചില്ലെങ്കിലും വല്യ ഒരു നടൻ ആയല്ലൊ. അത് കൊണ്ട് ഹാപ്പി ബെർത്ത്ഡേ അളിയാ”- ഗോദയുടെ സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ബേസിൽ കുറിച്ചു.

അതേ സമയം ടൊവിനോയുടെ വളരെ രസകരമായ ഒരു പഴയ ചിത്രമാണ് മാത്തുക്കുട്ടി പങ്കുവെച്ചത്. “നീ പ്രശസ്തനാകുമ്പോ ഇടാൻ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ!! ഇനിയും വൈകിക്കുന്നില്ല. കണ്ടതിൽ വെച്ചേറ്റവും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ”- ചിത്രം പങ്കുവെച്ചു കൊണ്ട് മാത്തുക്കുട്ടി കുറിച്ചു.

Read More: ഗ്രാമത്തിലെ സ്‌കൂളിൽ ക്ലാസ്സെടുത്ത് നിത്യ മേനോൻ- വിഡിയോ

അതേ സമയം കഴിഞ്ഞ ദിവസം ടൊവിനോ നായകനാവുന്ന നീലവെളിച്ചത്തിലെ ആദ്യ ഗാനം റിലീസ് ചെയ്‌തിരുന്നു. “അനുരാഗ മധുചഷകം..” എന്ന ഗാനം 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനത്തിന്റെ പുനരാവിഷ്ക്കാരമാണ്. എം.എസ് ബാബുരാജ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി. ഭാസ്‌ക്കരൻ മാഷാണ്. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിനായി ഈ ഗാനം പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. ഭാർഗവീനിലയത്തിൽ ജാനകിയമ്മ പാടിയ ഗാനം കെ.എസ് ചിത്രയാണ് പുതിയ ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്.

Story Highlights: Basil and mathukutty funny birthday wish for tovino