കിംഗ് കോലിക്ക് സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ

January 15, 2023

ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയിലെ മൂന്നാം മത്സരത്തിനിറങ്ങിയ ടീം ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 390 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. സെഞ്ചുറി നേടിയ വിരാട് കോലിയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയത്.

പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തില്‍ നിന്ന് തന്റെ 46-ാം ഏകദിന സെഞ്ചുറി കരസ്ഥമാക്കിയ കോലി പുറത്താവാതെ 166 റൺസാണ് അടിച്ചു കൂട്ടിയത്.

89 പന്തില്‍ നിന്ന് തന്റെ രണ്ടാം സെഞ്ചുറി തികച്ച ഓപ്പണർ ഗില്ലിനെ 116 റണ്‍സില്‍ എത്തിനില്‍ക്കെ കസുന്‍ രജിത പുറത്താക്കുകയായിരുന്നു. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. 49 പന്തില്‍ നിന്ന് 42 റണ്‍സ് അടിച്ചെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യയ്ക്ക് ആദ്യം നഷ്‌ടമായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര ഉറപ്പാക്കിയിരുന്നു.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്ക് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിറങ്ങിയിരിക്കുന്നത്.

Story Highlights: Century for virat kohli