‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’; കോഴിക്കോട്ടേക്കെത്തുന്നത് മലയാള സ്വതന്ത്ര സംഗീത ലോകത്ത് വിസ്‌മയം തീർത്തവർ

January 29, 2023

കലകളുടെയും സംഗീതത്തിന്റെയും പറുദീസയായ കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എത്തുകയാണ്. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും.

ചലച്ചിത്ര ഗാനങ്ങൾക്കപ്പുറം മലയാള സംഗീത ലോകം സ്വതന്ത്ര സംഗീതത്തെ ശ്രദ്ധിച്ച് തുടങ്ങിയ കാലത്ത് തന്നെ വലിയ ജനപ്രീതി നേടിയ ബാൻഡാണ് ‘അവിയൽ.’ നാടൻ പാട്ടുകൾ അടക്കമുള്ള മലയാള ഗാനങ്ങളിൽ റോക്ക് സംഗീതവും ചേർത്ത് അവതരിപ്പിച്ച പുതുമയുള്ള അവതരണമാണ് അവിയലിന് വലിയ പ്രശസ്‌തി നേടിക്കൊടുത്തത്. രാജ്യത്തുടനീളം നിരവധി ലൈവ് ഷോകളും കൺസേർട്ടുകളും അവതരിപ്പിച്ച് സംഗീത സാമ്രാട്ട് ഏ.ആർ റഹ്‌മാൻ അടക്കമുള്ള സംഗീതജ്ഞരുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് അവിയൽ. നിരവധി അന്തർദേശീയ മ്യൂസിക് ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള അവിയൽ സോൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, സെക്കൻഡ് ഷോ അടക്കമുള്ള ചിത്രങ്ങളിൽ ഗാനങ്ങൾ ചെയ്‌തിട്ടുണ്ട്‌. ബാൻഡിലെ ഗിത്താറിസ്റ്റായ റെക്‌സ് വിജയൻ മലയാള സിനിമയിലെ തിരക്കുള്ള സംഗീത സംവിധായകൻ കൂടിയാണ്.

സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ഒരു കൂട്ടം കലാകാരന്മാരും ചേർന്ന് ഒരുക്കിയതാണ് ‘തൈകൂടം ബ്രിഡ്‌ജ്‌’ എന്ന ബാൻഡ്. 2013 മുതൽ മലയാള സംഗീത രംഗത്ത് വലിയ ജനപ്രീതി നേടിയിട്ടുള്ള തൈകൂടം ബ്രിഡ്‌ജിന്റെ റീമിക്‌സ് ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഫിഷ് റോക്ക്, നവരസം അടക്കമുള്ള ബാൻഡിന്റെ ഒറിജിനൽ ഗാനങ്ങൾ ഇന്ത്യ മുഴുവൻ പ്രശസ്‌തി നേടിയിട്ടുണ്ട്. ബാൻഡിന്റെ ഫൗണ്ടറും വയലിനിസ്റ്റും പ്രധാന ഗായകനുമായ ഗോവിന്ദ് വസന്ത ’96’ അടക്കമുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രശസ്‌തനായ സംഗീത സംവിധായകനാണ്.

സിനിമ ഗാനങ്ങളിലൂടെയും സ്വതന്ത്ര ആൽബങ്ങളിലൂടെയും മലയാളികളുടെ മനസ്സ് കവർന്ന ഗായികയാണ് ഗൗരി ലക്ഷ്‌മി. 13ാം വയസ്സിൽ റോഷൻ ആൻഡ്രൂസിന്റെ മോഹൻലാൽ ചിത്രം കാസനോവയിൽ ഗൗരിയുടെ ഗാനം വന്നതോടെയാണ് ഗായിക ശ്രദ്ധേയായി മാറിയത്. പിന്നീടും നിരവധി ഗാനങ്ങൾ പാടിയ ഗൗരിയെ ഏറെ പ്രശസ്‌തയാക്കിയത് ഗോദയിലെ “ആരോ നെഞ്ചിൽ” എന്ന് തുടങ്ങുന്ന ഗാനമാണ്. 2015 ൽ സ്വാതന്ത്ര സംഗീത ലോകത്തേക്ക് ചുവട് വെച്ച ഗായിക ഇന്ന് ഒട്ടേറെ ഒറിജിനൽ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‌ടം നേടുകയാണ്.

കഴിഞ്ഞ 13 വർഷമായി മലയാള സ്വാതന്ത്ര സംഗീത ലോകത്തും ചലച്ചിത്ര പിന്നണി ഗാന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണ് ജോബ് കുര്യൻ. റിയാലിറ്റി ഷോയിലൂടെ സംഗീത രംഗത്തേക്കെത്തിയ ജോബ് നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. യുവാക്കൾക്കിടയിൽ വലിയ ഹിറ്റായ ഒട്ടേറെ സ്വന്തന്ത്ര ഗാനങ്ങളും ആൽബങ്ങളും ഗായകൻ പുറത്തിറക്കിയിട്ടുണ്ട്. ‘ജോബ് കുര്യൻ ലൈവ്’ എന്ന ലൈവ് ഷോയിലൂടെയാണ് ഇന്ന് ഗായകൻ സംഗീത പ്രേമികളിൽ ആവേശം നിറയ്ക്കുന്നത്.

Read More: സംഗീതത്തിന്റെ ലഹരി പടരാൻ ഇനി 12 നാളുകൾ; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ടിക്കറ്റ് റേറ്റുകൾ ഇങ്ങനെ…

കോഴിക്കോട് നടക്കുന്ന ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിൽ’ അവിയലും തൈകൂടം ബ്രിഡ്‌ജും ഗൗരി ലക്ഷ്‌മിയും ജോബ് കുര്യനും സംഗീതത്തിന്റെ ആവേശ ലഹരി പടർത്തുമെന്ന് ഉറപ്പാണ്. പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്‌സൈറ്റ് ലിങ്ക്

Story Highlights: Db night by flowers bands and performers introduction