‘ഞങ്ങളുടെ രാജകുമാരിക്ക് 12 വയസ്സ്..’- മകൾക്ക് സർപ്രൈസ് ഒരുക്കി ദിവ്യ ഉണ്ണി

January 4, 2023

മലയാളികൾക്ക് ഏറെ സുപരിചിതയാണ് ദിവ്യ ഉണ്ണി. അഭിനയ ലോകത്ത് നിന്നും വർഷങ്ങളായി വിട്ട് നിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. കുടുബവിശേഷങ്ങളും കുട്ടികളുടെ ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരത്തിന്റെ നൃത്തവിഡിയോകളും വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.  ഇപ്പോഴിതാ, മൂത്തമകൾ മീനാക്ഷിക്ക് പിറന്നാൾ ആശംസിക്കുകയാണ് നടി.

ഒരു കുഞ്ഞു സർപ്രൈസും മകൾക്കായി ദിവ്യ ഉണ്ണി ഒരുക്കിയിരുന്നു. ‘ഞങ്ങളുടെ രാജകുമാരിക്ക് 12 വയസ്സ് . മീനാക്ഷിക്ക് വേണ്ടി എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും തേടുന്നു. എന്റെ പ്രിയേ, നിനക്ക് വളരെ സന്തോഷവും സന്തോഷവും നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു.’- ദിവ്യ ഉണ്ണി കുറിക്കുന്നു.

തൊണ്ണൂറുകളിൽ വെള്ളിത്തിരയിൽ തിളങ്ങിയ ദിവ്യ ഉണ്ണി- മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയ മലയാള സിനിമയിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ ദിവ്യ ഉണ്ണി അഭിനയിച്ചു. ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ‘നീ എത്ര ധന്യ’ എന്ന ചലച്ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

Read Also: ഷാജി കൈലാസിന്റെ ‘ആക്ഷൻ’; കാപ്പയുടെ ബിഹൈന്‍ഡ് ദ് സീന്‍ വിഡിയോ റിലീസ് ചെയ്‌തു

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ‘കല്യാണ സൗഗന്ധികം’  എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രണയവർണ്ണങ്ങൾ, ചുരം, ആകാശഗംഗ, ഫ്രണ്ട്സ് എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടെലിവിഷൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാലോകത്തു നിന്നും അപ്രത്യക്ഷമായി. സിനിമയില്‍ സാന്നിധ്യമറിയിക്കുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഇപ്പോഴും ദിവ്യ ഉണ്ണി. 

Story highlights- Divya Unni prepared a surprise for her daughter