ഗില്ലാട്ടം; ഡബിൾ സെഞ്ചുറിയുമായി ശുഭ്മൻ ഗിൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
ഡബിൾ സെഞ്ചുറി നേടിയ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ന്യൂസിലൻഡിനെതിരെ കൂറ്റൻ സ്കോർ നേടിയിരിക്കുകയാണ് ഇന്ത്യ.നിശ്ചിത ഓവർ പൂർത്തിയായപ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയിരിക്കുന്നത്. 149 പന്തിൽ നിന്നാണ് ഗിൽ 208 റൺസ് നേടിയത്. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ആരാധകരെ ആവേശത്തിലാക്കിയാണ് ഗിൽ ഡബിൾ സെഞ്ചുറി നേടിയത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും ഗിൽ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഗിൽ സെഞ്ചുറി നേടിയിരുന്നു. ഇന്നത്തെ മത്സരത്തിലെ പ്രകടനത്തോടെ അതിവേഗം 1000 റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി. 19 ഇന്നിങ്സുകളിൽ നിന്നാണ് ശുഭ്മൻ ഗിൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അതേ സമയം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിൽ സെഞ്ചുറി നേട്ടത്തോടെ ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച വിരാട് കോലി പക്ഷെ ഇന്ന് നിരാശപ്പെടുത്തി. 10 പന്തിൽ നിന്ന് വെറും 8 റൺസ് മാത്രമാണ് മുൻ ഇന്ത്യൻ നായകന് നേടാനായത്.
അതേ സമയം ന്യൂസിലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യ, ഷാർദുൽ താക്കൂർ എന്നിവർ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയിട്ടുണ്ട്. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരും ടീമിൽ ഇടം പിടിച്ചു. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ന്യൂസിലൻഡ് ഇന്ത്യയിൽ കളിക്കുക. ഈ മാസം 21, 24 തീയതികളിൽ റായ്പൂർ, ഇൻഡോർ എന്നീ വേദികളിൽ അടുത്ത രണ്ട് ഏകദിനങ്ങളും ഈ മാസം 27, 29, ഫെബ്രുവരി 1 തീയതികളിൽ റാഞ്ചി, ലക്നൗ, അഹമ്മദാബാദ് എന്നീ വേദികളിൽ ടി-20 മത്സരങ്ങളും നടക്കും.
Story Highlights: Double century for shubman gill