ജനക്കൂട്ടത്തിന് മുന്നിൽ നൃത്തം ചെയ്യാൻ ഭയന്ന് കുഞ്ഞു പെൺകുട്ടി; ആശ്വസിപ്പിക്കാൻ ഓടിയെത്തി ഉറ്റസുഹൃത്ത്- വിഡിയോ
ആദ്യമായി സ്റ്റേജിൽ കയറാൻ ഭയക്കാത്തവർ ചുരുക്കമാണ്. ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാൻ ഭയന്ന് കലാപരിപാടികളിൽ നിന്നും സ്കൂൾകാലത്ത് തന്നെ അകന്നു നിന്നവരും ധാരാളമാണ്. എന്നാൽ, ചിലപ്പോൾ ഒരു കുഞ്ഞു പിന്തുണ മതിയാകും ഈ ഭയവും ആശങ്കയും മാറാൻ. ഏറ്റവും വിശ്വസിക്കുന്ന, അല്ലെങ്കിൽ സ്നേഹിക്കുന്ന ആളുകളുടെ ഒരു സാന്നിധ്യം പോലും അവിശ്വസനീയമായ ആത്മവിശ്വാസം ആളുകൾക്ക് പകരും. അത് മാതാപിതാക്കളാകാം, പ്രിയപ്പെട്ട അധ്യാപകരാകാം, സുഹൃത്തുക്കളാകാം. ഇപ്പോഴിതാ, ആൾക്കൂട്ടത്തിന് മുന്നിൽ ഭയന്നുനിന്ന കുഞ്ഞു പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ സുഹൃത്ത് ഓടി സ്റ്റേജിലേക്ക് എത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
ഒരു നൃത്ത പരിപാടിക്കായി നഴ്സറി കുട്ടികളെ അണിനിരത്തിയിരിക്കുകയാണ്. ബാലറ്റ് (ബാലെ നൃത്തം) നൃത്തത്തിനായി ആണ് കുഞ്ഞുങ്ങളെ അണിനിരത്തിയിരിക്കുന്നത്. മറ്റു കുട്ടികൾ അധ്യാപികയ്ക്കൊപ്പം ചുവടുവയ്ക്കുമ്പോൾ ഒരു കുട്ടി മാത്രം സദസിൽ നിറഞ്ഞിരിക്കുന്ന ആളുകളെ കണ്ട് ഭയന്ന് നിൽക്കുകയാണ്. ആശങ്കയോടെ നിൽക്കുന്ന കുട്ടിക്കരികിലേക്ക് സുഹൃത്തായ ആൺകുട്ടീ ഓടിയെത്തുന്നത് വിഡിയോയിൽ കാണാൻ സാധിക്കും. ചേർത്തുനിർത്തി എന്തോ പെൺകുട്ടിയോട് പറഞ്ഞശേഷം അരികിലായി നിൽക്കുകയാണ് ആൺകുട്ടി. വൈകാതെ തന്നെ പെൺകുട്ടി ചുവടുവയ്ക്കാനും തുടങ്ങി. അപ്പോൾ സദസിൽ നിന്നും കൈയടി ഉയരുകയാണ്.
കുഞ്ഞുങ്ങളുടെ രസകരമായ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ ഇടങ്ങളിൽ വേഗത്തിൽ പ്രചരിക്കാറുണ്ട്. അതേസമയം, അടുത്തിടെ സമാനമായ മറ്റൊരു വിഡിയോ ശ്രദ്ധനേടിയിരുന്നു. കുട്ടിയായിരിക്കുമ്പോൾ എല്ലാവരുടെയും ജീവിതത്തിൽ കുടുംബം വലിയ പ്രാധാന്യം വഹിക്കുന്നുണ്ട്. സൗഹൃദങ്ങളെ അടുത്തറിഞ്ഞ് തുടങ്ങുന്ന സ്കൂൾ കാലത്ത് പോലും എല്ലാവരും ആഗ്രഹിക്കുക മാതാപിതാക്കളുടെ സാന്നിധ്യമാണ്.
Read Also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്ഗനിര്ദേശങ്ങളുമായി കേന്ദ്രം…
ഒരു കൊച്ചു പെൺകുട്ടി സുഹൃത്തുക്കളോടൊപ്പം തന്റെ ആദ്യ പ്രകടനത്തിന് തയ്യാറായി വേദിയിൽ നിൽക്കുകയാണ്. സന്തോഷത്തോടെ എല്ലാ കുട്ടികളും നിൽക്കുമ്പോഴും ആൾക്കൂട്ടത്തിനിടയിലൂടെ അവളുടെ കണ്ണുകൾ ആവലാതിയോടെ കരയുകയാണ്. പ്രകടനത്തിന് മുമ്പ് തന്റെ കുടുംബത്തെ കണ്ടെത്താൻ വേണ്ടിയാണ് കുട്ടി തിരയുന്നത്. ഒടുവിൽ, ആൾക്കൂട്ടത്തിൽ അവർ തനിക്കായി കയ്യടിയോടെ നിൽക്കുന്നത് അവൾ കണ്ടെത്തി. പെൺകുട്ടിയുടെ പെട്ടെന്നുള്ള പ്രതികരണം ഒരു വലിയ ഹൃദ്യമായ പുഞ്ചിരിയായിരുന്നു. ഇതിന് പിന്നാലെ സന്തോഷത്തോടെ പൊട്ടിക്കരഞ്ഞു.
Story highlights- friend rushed to comfort the girl who was afraid to dance