“എന്നിലെ നടൻ കാത്തിരുന്ന യാത്ര..”; മലൈക്കോട്ടൈ വാലിബനിൽ ഹരീഷ് പേരടിയും, സന്തോഷം പങ്കുവെച്ച് താരം

മലയാളത്തിന്റെ അഭിമാന താരകങ്ങളാണ് നടൻ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇന്ന് മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ.’
ഇപ്പോൾ മലയാളികളുടെ പ്രിയ താരം ഹരീഷ് പേരടിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. താരം തന്നെയാണ് ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്ന വാർത്ത പങ്കുവെച്ചത്. “അതെ..ആ യാത്ര തുടങ്ങുകയാണ്..എന്നിലെ നടൻ കാത്തിരുന്ന യാത്ര..പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേർന്നുള്ള യാത്ര..അനുഗ്രഹിക്കുക..മലൈക്കൊട്ടൈ വാലിബൻ..”- മോഹൻലാലിനും ലിജോ ജോസ് പെല്ലിശ്ശേരിക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. മോഹൻലാലിന്റെയോ മറ്റ് നടന്മാരുടെയോ ചിത്രമില്ലാതെയാണ് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഓള്‍ഡ് മങ്ക്സും ചിത്രകാരന് കെ പി മുരളീധരനും ചേര്‍ന്നാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ മോഹൻലാൽ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമയെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഒപ്പം അണിയറ പ്രവർത്തകരുടെ പേരും പോസ്റ്ററിലുണ്ട്.
അതേ സമയം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവ് ടൈറ്റിൽ പ്രഖ്യാപിക്കുന്നതിനെ പറ്റി അറിയിച്ചത്. “ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടായതല്ല റോമാ സാമ്രാജ്യം. മനുഷ്യന്റെ കഠിനധ്വാനത്തിന്റെ, പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങൾക്കു മുൻപ് മലയാളക്കര ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്. അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളിൽ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാൻ ഞങ്ങളെത്തുന്നു. കാത്തിരിപ്പിന് വിരാമമിടാം,ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക”- നിർമ്മാതാക്കൾ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: Hareesh peradi joins malaikottai valiban