“നിങ്ങളുടെ ധൈര്യം എന്നെ അമ്പരപ്പിക്കുന്നു..”; ‘പഠാന്‍’ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് ഹൃത്വിക് റോഷൻ

January 28, 2023

റിലീസ് ചെയ്‌ത് നാലാം ദിവസവും ഷാരൂഖ് ഖാൻ ചിത്രം പഠാന്റെ ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യൻ ബോക്‌സോഫിസിനെ ഇളക്കിമറിക്കുകയാണ് ചിത്രം. റിലീസ് ചെയ്‌ത്‌ രണ്ടാം ദിനം തന്നെ ചിത്രം 200 കോടി നേടിയിരുന്നു. താരത്തിന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനാണ് ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാട് നിന്നും 100 കോടി നേടിയിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണിത്.

ഇപ്പോൾ പഠാനെ പ്രശംസിച്ച് നടൻ ഹൃത്വിക് റോഷൻ പങ്കുവെച്ച ട്വീറ്റാണ് ശ്രദ്ധേയമാവുന്നത്. ഇത് വരെ കാണാത്ത ദൃശ്യവിസ്‌മയം ഒരുക്കിയിരിക്കുന്ന പഠാന്‍ മികച്ച തിരക്കഥയിലൂടെയും അതിശയിപ്പിക്കുന്ന സംഗീതത്തിലൂടെയും ട്വിസ്റ്റുകളിലൂടെയും ഞെട്ടിച്ചിരിക്കുകയാണ് എന്നാണ് ഹൃത്വിക് അഭിപ്രായപ്പെട്ടത്. സംവിധായകൻ സിദ്ധാർഥ് ആനന്ദിനും നിർമ്മാതാവ് ആദിത്യ ചോപ്രയ്ക്കുമൊപ്പം അഭിനേതാക്കളായ ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരെ അഭിനന്ദിക്കാനും ഹൃത്വിക് മറന്നില്ല.

അതേ സമയം മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ ഒരു വമ്പൻ തിരിച്ചു വരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയിരിക്കുന്ന ‘പഠാൻ’ ആരാധകരുടെ പ്രതീക്ഷ കാത്തുവെന്നാണ് അറിയാൻ കഴിയുന്നത്.

Read More: കോഴിക്കോടൻ മണ്ണിലെ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിൽ ആവേശം പകരാൻ ‘തൈകൂടം ബ്രിഡ്ജ്’

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ദിവസം പഠാൻ റിലീസ് ചെയ്‌തത്‌. ദൃശ്യവിസ്മയമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിലുള്ളത്. ഷാരൂഖ് ഖാനും ജോൺ എബ്രഹാമും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളും ദീപിക പദുക്കോണിന്റെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും തിയേറ്ററുകളിൽ ആവേശം തീർക്കുകയാണ്. ജനുവരി 25 നാണ് ‘പഠാൻ’ തിയേറ്ററുകളിലെത്തിയത്.

Story Highlights: Hrithik roshan praise for pathan