നിസ്സാരം; റായ്‌പൂരിൽ കിവീസിനെ തകർത്തെറിഞ്ഞ് ഇന്ത്യ, വിജയം 8 വിക്കറ്റിന്

January 21, 2023

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. 109 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ 20.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കളി ജയിച്ചത്. 51 റൺസെടുത്ത നായകൻ രോഹിത് ശർമ്മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 40 റൺസെടുത്ത ശുഭ്മാന്‍ ഗില്ലും രോഹിതിന് മികച്ച പിന്തുണ നൽകി.

നേരത്തെ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വമ്പൻ ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. 34.3 ഓവറിൽ 108 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു കിവീസ്. മുഹമ്മദ് ഷമിയും ഹർദിക് പാണ്ഡ്യയും മുഹമ്മദ് സിറാജും ന്യൂസിലൻഡിനെ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ പിഴുതപ്പോൾ ഹർദിക് പാണ്ഡ്യ രണ്ടും മുഹമ്മദ് സിറാജ്, ഷർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഷമി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ കിവിപ്പടയുടെ കയ്യിൽ നിന്ന് മത്സരം നഷ്ടപ്പെട്ടു. ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിൽ ഫിൻ അലൻ പുറത്താകുമ്പോൾ സ്കോർ ബോർഡിൽ ഒരു റൺ പോലും ചേർക്കാൻ ന്യൂസിലൻഡിനു കഴിഞ്ഞിരുന്നില്ല. അഞ്ചാമത്തെ ഓവറിൽ സിറാജിന്റെ പന്ത് ശുഭ്മാൻ ഗില്ലിന്റെ കയ്യിലെക്കെത്തിച്ച് നിക്കോളസ് പുറത്താകുമ്പോൾ ന്യൂസിലൻഡ് നേടിയത് 8 റൺസ് മാത്രം. തൊട്ടടുത്ത ഓവറിൽ മിച്ചലിനെയും ഒൻപതാം ഓവറിൽ കോൺവെയെയും നഷ്ടപ്പെട്ടതോടെ കിവിപ്പടയുടെ മുന്നേറ്റ നിര തകർന്നടിഞ്ഞു. ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലതമിനെ പത്താം ഓവറിൽ ഷർദുൽ ഠാക്കൂർ പുറത്താക്കി. ന്യൂസിലൻഡ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചത് ഗ്ലെൻ ഫിലിപ്സിനും ബ്രേസ്‌വെല്ലിനും മാത്രമാണ്. 10 ഓവർ പൂർത്തിയായപ്പോൾ തന്നെ കീവീസിന്റെ 5 വിക്കറ്റുകൾ നഷ്‌ടമായിരുന്നു.

Read More: ‘വിമർശകർ എവിടെ’; റൊണാൾഡോയെ പുകഴ്ത്തി വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അതേ സമയം മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ന്യൂസിലൻഡ് ഇന്ത്യയിൽ കളിക്കുന്നത്. ഈ മാസം 24 ന് ഇൻഡോറിലാണ് മൂന്നാം ഏകദിനം നടക്കുന്നത്. ഈ മാസം 27, 29, ഫെബ്രുവരി 1 തീയതികളിൽ റാഞ്ചി, ലക്നൗ, അഹമ്മദാബാദ് എന്നീ വേദികളിൽ ടി-20 മത്സരങ്ങളും നടക്കും. ഇന്നത്തെ വിജയത്തോടെ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.

Story Highlights: India beats new zealand by 8 wickets