ഇനി ഡബിൾ മോഹനൻ; വിലായത്ത് ബുദ്ധയുടെ മേക്കിങ് വിഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

January 7, 2023

വമ്പൻ ഹിറ്റായ കാപ്പയ്ക്ക് ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാപ്പയുടെ തിരക്കഥാകൃത്തായ ജി.ആർ ഇന്ദുഗോപന്റെ കഥയെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ചിത്രത്തിൽ ‘ഡബിൾ മോഹനൻ’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ഒരു മേക്കിങ് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. മികച്ച മേക്കോവറാണ് ചിത്രത്തിനായി താരം നടത്തിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും വിഡിയോയിൽ കാണാം. ‘കാന്താര’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്‌തി നേടിയ അരവിന്ദ് കശ്യപാണ് വിലായത്ത് ബുദ്ധയ്ക്കായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സന്ദീപ് സേനനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അതേ സമയം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി പൃഥ്വിരാജിന്റെ ‘കാപ്പ’ മാറിയിരുന്നു. പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ‘കാപ്പ.’ കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് കഴിഞ്ഞ ജൂലൈ 15 നാണ്. ഡിസംബർ 22 നാണ് ‘കാപ്പ’ തിയേറ്ററുകളിലെത്തിയത്.

Read More: ലൈവ് പെർഫോമൻസുമായി വേദി കൈയടക്കി പ്രണവ് മോഹൻലാൽ, കമൻറ്റുമായി ആൻറണി വർഗീസ്-വിഡിയോ

പൃഥ്വിരാജ്, ആസിഫ് അലി, അപർണ ബാലമുരളി, ദിലീഷ് പോത്തൻ, അന്ന ബെൻ തുടങ്ങി ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരൊക്കെ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മാസ്സ് ചിത്രമായി ഒരുങ്ങിയിരിക്കുന്ന ‘കാപ്പ’ ഷാജി കൈലാസ് എന്ന സംവിധായകന്റെ ക്ലാസ് മേക്കിങിലൂടെയാണ് വേറിട്ട് നിൽക്കുന്നതെന്നാണ് നിരൂപകർ പറയുന്നത്.

Story Highlights: Kappa making video shared by prithviraj