‘കാപ്പ’ ഇനി ഒടിടിയിൽ; പൃഥ്വിരാജ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് നെറ്റ്ഫ്ലിക്സിലൂടെ

വലിയ വിജയമാണ് ‘കാപ്പ’ നേടിയത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി പൃഥ്വിരാജ് ചിത്രം മാറിയിരുന്നു. പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ‘കാപ്പ.’ കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് കഴിഞ്ഞ ജൂലൈ 15 നാണ്. ഡിസംബർ 22 നാണ് ‘കാപ്പ’ തിയേറ്ററുകളിലെത്തിയത്.
ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിൽ ജനുവരി 19 മുതലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തിയേറ്ററുകളിൽ നേടിയ വമ്പൻ വിജയം ഒടിടിയിലും ആവർത്തിക്കാൻ കഴിയുമെന്നാണ് കാപ്പയുടെ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രേക്ഷകരെയും നിരൂപകരെയും ഒരേ പോലെ തൃപ്‌തിപ്പെടുത്തുന്ന സിനിമാറ്റിക് അനുഭവമാണ് കാപ്പ നൽകിയത്.
പൃഥ്വിരാജ്, ആസിഫ് അലി, അപർണ ബാലമുരളി, ദിലീഷ് പോത്തൻ, അന്ന ബെൻ തുടങ്ങി ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരൊക്കെ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മാസ്സ് ചിത്രമായി ഒരുങ്ങിയിരിക്കുന്ന ‘കാപ്പ’ ഷാജി കൈലാസ് എന്ന സംവിധായകന്റെ ക്ലാസ് മേക്കിങിലൂടെയാണ് വേറിട്ട് നിൽക്കുന്നതെന്നാണ് നിരൂപകർ പറയുന്നത്.
Read More: അവതാറിൽ 12 വയസ്സുളള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് 72 കാരി; മറ്റൊരു ജയിംസ് കാമറൂൺ മാജിക്ക്
ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. തിയേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലറും വിഡിയോ ഗാനങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
Story Highlights: Kappa releasing on netflix