“ലോ കോളേജിലെ എന്റെ ഫൈനൽ ഇയർ ക്ലാസ്‌ റൂം..”; മമ്മൂട്ടി പങ്കുവെച്ച വിഡിയോ ഏറ്റെടുത്ത് ആരാധകർ

January 31, 2023

മലയാളത്തിന്റെ ഇതിഹാസ താരമായ മമ്മൂട്ടി ഒരു വക്കീൽ കൂടിയാണ്. എറണാകുളം ലോ കോളേജിൽ നിന്ന് എൽഎൽബി പഠനം പൂർത്തിയാക്കിയ അദ്ദേഹം രണ്ട് വർഷത്തോളം വക്കീലായി പ്രാക്ടീസ് ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ വീണ്ടും ലോ കോളേജിലേക്ക് തിരികെയെത്തിയ താരം തന്റെ ക്ലാസ് റൂമിൽ നിന്ന് സംസാരിക്കുന്ന ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഈ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.

‘അല്‍മ മേറ്റര്‍’ എന്ന അടിക്കുറിപ്പോടെയാണ്‌ മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. “എറണാകുളം ലോ കേളേജ്. ഇതാണ് എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം. ഇപ്പോ ഇവിടെ ക്ലാസ് ഇല്ല. ഇവിടെയാണ് ഞങ്ങള് മൂട് കോര്‍ട്ടും ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത്. ഇത് ഒരു കാലത്ത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹാൾ ആയിരുന്നു”- വിഡിയോയിൽ മമ്മൂട്ടിയുടെ വാക്കുകൾ.

അതേ സമയം സമാനതകളില്ലാത്ത മികച്ച പ്രതികരണങ്ങളാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്ക’ത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ലിജോയുടെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു. സംവിധായകന്റെ ഏറ്റവും മികച്ച ചിത്രമായാണ് നൻപകൽ വിലയിരുത്തപ്പെടുന്നത്.

Read More: കോണ്ടസ്റ്റിൽ പങ്കെടുക്കൂ, ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീതനിശയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാം..

50 വർഷത്തിലേറെ നീണ്ടു നിൽക്കുന്ന നടൻ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയുടെ വിസ്‌മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളത്. കഥാപാത്രമായി പരകായ പ്രവേശം നടത്തുകയായിരുന്നു മമ്മൂട്ടി.

Story Highlights: Mammootty law college video goes viral