“കൂവരം കിളിക്കൂട്..”; കിളിക്കൂട്ടിലെ കുഞ്ഞിക്കിളിയായി വേദിയുടെ മനസ്സ് കവർന്ന് വാക്കുട്ടി…
പാട്ടുക്കൂട്ടിലെ കുഞ്ഞു ഗായകരൊക്കെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അവരിൽ തന്നെ പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും വാത്സല്യം ഒരേ പോലെ ഏറ്റുവാങ്ങിയ കുഞ്ഞു ഗായികയാണ് വാക്കുട്ടി എന്ന് വിളിക്കുന്ന മേദിക. ഇപ്പോൾ വാക്കുട്ടിയുടെ അതിമനോഹരമായ ഒരു പ്രകടനമാണ് വേദിയുടെ മനസ്സ് കവരുന്നത്.
‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലെ “കൂവരം കിളിക്കൂട്..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് വാക്കുട്ടി വേദിയിലെത്തിയത്. ജോൺസൺ മാഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കാവാലം നാരായണപ്പണിക്കരാണ്. കെ പി ബ്രഹ്മാനന്ദൻ, സുജാത മോഹൻ, പി വി ഷെറീൻ എന്നീ ഗായകരാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് വാക്കുട്ടി ഈ ഗാനം ആലപിക്കുന്നത്.
പാട്ടിനൊപ്പം വാക്കുട്ടിയുടെ കളി ചിരിയും വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുണ്ട്. കഴിഞ്ഞ ദിവസം വാക്കുട്ടിയുടെയും ബാബുക്കുട്ടന്റെയും രസകരമായ ചില നിമിഷങ്ങൾ വേദിയെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. പാട്ട് പാടുന്നതിന് മുൻപാണ് എം.ജി ശ്രീകുമാറും ഈ കുഞ്ഞു ഗായകരും തമ്മിലുള്ള രസകരമായ സംഭാഷണം നടന്നത്. വാക്കുട്ടിയുടെയും ബാബുക്കുട്ടന്റെയും വേദിക്ക് പുറത്തുള്ള രസകരമായ ഒരു വിഡിയോ എം. ജി ശ്രീകുമാർ വേദിയിൽ സർപ്രൈസായി കാണിക്കുകയായിരുന്നു. പ്രേക്ഷകർക്കും വിധികർത്താക്കൾക്കും അതീവ രസകരമായ നിമിഷങ്ങളായി മാറുകയായിരുന്നു ഇത്.
മറ്റൊരു എപ്പിസോഡിൽ കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു വാക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന മറ്റൊരു നിമിഷമായി ഇതും മാറി.
Story Highlights: Medhika sings a beautiful johnson mashe song