“മറഡോണയിൽ നിന്ന് ലോകകപ്പ് വാങ്ങണമെന്നായിരുന്നു ആഗ്രഹം..”; മനസ്സ് തുറന്ന് മെസി

January 31, 2023

ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഖത്തറിലേത്‌.

ഇപ്പോൾ തനിക്കുണ്ടായിരുന്ന ഒരു വലിയ ആഗ്രഹത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് മെസി. ലോകകപ്പ് മറഡോണ സമ്മാനിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നാണ് മെസി പറയുന്നത്. ഈ കിരീട നേട്ടം അദ്ദേഹം അത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്നും അതിന് സാക്ഷ്യം വഹിക്കാനെങ്കിലും അദ്ദേഹം ഉണ്ടായിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും മെസി കൂട്ടിച്ചേർത്തു. ലോകകിരീടം നേടാൻ തങ്ങളെ മറഡോണ ഏറെ പ്രചോദിപ്പിച്ചിരുന്നുവെന്നും മെസി പറഞ്ഞു.

Read More: കോണ്ടസ്റ്റിൽ പങ്കെടുക്കൂ, ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീതനിശയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാം..

അതേ സമയം ഡിസംബർ 18 ന് നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.

Story Highlights: Messi about his wish to receive world cup from maradona