മെസിക്ക് നെയ്മറുടെ നേതൃത്വത്തിൽ പിഎസ്ജിയുടെ ഗാർഡ് ഓഫ് ഓണർ; എംബാപ്പെയുടെ അസാന്നിധ്യം ശ്രദ്ധേയം-വിഡിയോ
ഒടുവിൽ മെസി തിരികെ പിഎസ്ജിയിലെത്തി. ലോകകപ്പ് നേട്ടത്തിന്റെ ആഘോഷങ്ങളും ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളും പൂർത്തിയാക്കിയതിന് ശേഷമാണ് താരം തിരികെ ക്ലബിലേക്കെത്തിയത്. മെസിയുടെ സഹതാരവും അടുത്ത സുഹൃത്തുമായ നെയ്മറുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് പിഎസ്ജി താരങ്ങളും സ്റ്റാഫും മെസിയെ സ്വീകരിച്ചത്. ക്ലബ്ബിന്റെ സ്പോര്‍ട്ടിംഗ് ഡയറക്ടറായ ലൂയിസ് കാംപോസ് മെസിക്ക് മൊമെന്റോ നല്കി ആദരിച്ചു.
മെസിക്ക് നൽകുന്ന ഗാർഡ് ഓഫ് ഓണറിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. എന്നാൽ പിഎസ്ജി പുറത്തുവിട്ട വിഡിയോയിൽ ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പിഎസ്ജി പങ്കുവെച്ച വിഡിയോയിലും ചിത്രങ്ങളിലുമൊന്നും എംബാപ്പെയെ കാണാനുണ്ടായിരുന്നില്ല.
Une 𝐡𝐚𝐢𝐞 𝐝'𝐡𝐨𝐧𝐧𝐞𝐮𝐫 pour notre champion du monde ! 👏❤️💙#BravoLeo pic.twitter.com/xsRHdfVbQS
— Paris Saint-Germain (@PSG_inside) January 4, 2023
അതേ സമയം ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഖത്തറിലേത്.
Read More: ധോണിയുടെ മകൾക്ക് മെസിയുടെ സമ്മാനം; സിവയ്ക്ക് നൽകിയത് സ്വന്തം കയ്യൊപ്പിട്ട ജേഴ്സി
ഡിസംബർ 18 ന് നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ എന്ന അത്ഭുത മനുഷ്യൻ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.
Story Highlights: Messi receives guard of honour from psg