തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ‘നൻപകൽ നേരത്ത് മയക്കം’; അമ്പരപ്പിക്കുന്ന പ്രകടനവുമായി മമ്മൂട്ടി

January 19, 2023

കാത്തിരിപ്പിനൊടുവിൽ ലിജോ-മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ തിയേറ്ററുകളിലെത്തി. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു.

മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഇപ്പോൾ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്‌തമായ കഥാപശ്ചാത്തലവും കഥപറച്ചിൽ രീതിയുമാണ് നൻപകലിന്റെ പ്രത്യേകതയായി പ്രേക്ഷകർ എടുത്ത് പറയുന്നത്. എന്നാൽ മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ഏറ്റവും കൂടുതൽ കൈയടി നേടുന്നത്. അമ്പരപ്പിക്കുന്ന പ്രകടനമാണ് മമ്മൂക്ക ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

അതേ സമയം നൻപകൽ നേരത്ത് മയക്കത്തിന്റെ വേൾഡ് പ്രീമിയർ കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read More: എഴുപത്തിമൂന്നാം വയസിൽ എസ്എസ്എൽസി പാസായി നടി ലീന

കഴിഞ്ഞ വർഷം നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിർമ്മിച്ചപ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Nanpakal receives huge acclaim from audience