‘ദേ, പോകുന്നു ഒടിയൻ..’- രസികൻ വിഡിയോ പങ്കുവെച്ച് ശ്രീകുമാർ മേനോൻ
പ്രശസ്ത പരസ്യസംവിധായകൻ വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായിരുന്നു ഒടിയൻ. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം ആരാധകരിലേക്ക് എത്തിയത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെ റിലീസിനെത്തിയ ഒടിയൻ സമ്മിശ്ര പ്രതികരണമാണ് നേടിയത്. സിനിമയ്ക്കായി മോഹൻലാൽ നടത്തിയ മേക്കോവറും വളരെയധികം ചർച്ചയായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ശ്രീകുമാർ മേനോന്റെ ഓഫിസിന് മുന്നിൽ ഒടിയന്റെ രണ്ടു പ്രതിമകൾ സ്ഥാപിച്ചിരുന്നു. ഇപ്പോഴിതാ, ആ പ്രതിമയിൽ ഒരെണ്ണം ഒരു മോഹൻലാൽ ആരാധകൻ വീട്ടിലേക്ക് എടുത്തുകൊണ്ടുപോയതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ.
‘ഒരു ഒടിയൻ ആരാധകൻ ചെയ്ത പണി നോക്കൂ… ഞങ്ങളുടെ ഓഫീസിനു മുന്നിൽ ഒടിയന്മാർ രണ്ടുണ്ട്. ഒടിയൻ സിനിമയുടെ പ്രചാരണത്തിനുണ്ടാക്കിയ ലാലേട്ടന്റെ ശിൽപങ്ങളിൽ രണ്ടെണ്ണം. ഈ ഒടിയന്മാരെ കാണാനും സെൽഫി എടുക്കാനുമെല്ലാം പലരും വരുന്നതാണ്. കല്യാണ വിഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്. ഒടിയൻ സന്ദർശകർ വർദ്ധിച്ചപ്പോൾ ഞങ്ങൾ കുറച്ച് സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ശിൽപം പ്രദർശിപ്പിച്ചാലോ എന്നൊക്കെ ആലോചിക്കുകയായിരുന്നു. അതിനിടയിലാണ് ഈ സംഭവം…
കഴിഞ്ഞ ഞായർ അവധി കഴിഞ്ഞു വന്നപ്പോഴുണ്ട്. അതിൽ ഒരു ഒടിയനില്ല. പിന്നാലെ ഫോണിൽ എത്തിയ മെസേജാണിത്…’- എന്ന് കുറിച്ചുകൊണ്ട് ശ്രീകുമാർ മേനോൻ ശബ്ദ സന്ദേശം പങ്കുവെച്ചിരുന്നു. നാട്ടിൽ ഒരു വിലയും തനിക്കില്ലായിരുന്നു എന്നും ഈ ശിൽപം വീടിന് മുന്നിൽവെച്ചാൽ എല്ലാവരും വിലമതിക്കും എന്നും ശിൽപം എടുത്തയാൾ സന്ദേശം അയച്ചിരിക്കുന്നു.
അതോടൊപ്പം, വിഡിയോയും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്. ‘എല്ലാവർക്കും ഒരാകാംക്ഷ, ആ രസികൻ ആരാധകൻ ഒടിയനും കൊണ്ടു പോകുന്ന സീൻ കാണണമെന്ന്. സിസിടിവി ക്യാമറയിൽ ആ ദൃശ്യങ്ങൾ കണ്ട് ഞങ്ങളെല്ലാം ചിരിച്ചു. ലാലേട്ടൻ ഫാനിന്റെ തമാശയും, എടുത്തു കൊണ്ടു പോയ കഷ്ടപ്പാടും, കൊണ്ടുപോയി എന്നു വിളിച്ചറിയിച്ച സത്യസന്ധതയും എല്ലാവർക്കും ഇഷ്ടപ്പെട്ടു…
ദേ പോകുന്നു ഒടിയൻ…’- ശ്രീകുമാർ മേനോൻ വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു.
മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ,സിദ്ദിഖ്,നരേൻ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിലെത്തുന്നു. മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കിയാണ് ഒടിയൻ എത്തിയത്.
Story highlights- odiyan statue stolen by fan