സർവകാല റെക്കോർഡുകൾ തകർത്ത് ‘പഠാൻ’; ചിത്രം 200 കോടി ക്ലബ്ബിൽ

January 27, 2023

ഇന്ത്യൻ ബോക്‌സോഫിസിനെ ഇളക്കിമറിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ.’ റിലീസ് ചെയ്‌ത്‌ രണ്ടാം ദിനം പിന്നിടുമ്പോൾ ചിത്രം 200 കോടിയാണ് നേടിയിരിക്കുന്നത്. താരത്തിന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനാണ് ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാട് നിന്നും 100 കോടി നേടിയിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണിത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ ഒരു വമ്പൻ തിരിച്ചു വരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയിരിക്കുന്ന ‘പഠാൻ’ ആരാധകരുടെ പ്രതീക്ഷ കാത്തുവെന്നാണ് അറിയാൻ കഴിയുന്നത്.

ചില വിവാദങ്ങളെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് ഏറെ ആശങ്കകൾ നിലനിന്നിരുന്നു. ചിത്രത്തിന്റെ റിലീസിനോടുള്ള പ്രേക്ഷകരുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നതിനെ പറ്റി ഹിന്ദി സിനിമ ലോകത്തിനും പഠാന്റെ അണിയറ പ്രവർത്തകർക്കും വലിയ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ എല്ലാ ആശങ്കകളെയും കാറ്റിൽ പറത്തിയിരിക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ ചരിത്ര വിജയം.

Read More: യുവാക്കളുടെ ഹരമായി മാറിയ ജോബ് കുര്യൻ കോഴിക്കോടിന്റെ മണ്ണിലേക്ക്; ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിന്റെ ആവേശം പടരുന്നു

അതേ സമയം ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ദിവസം പഠാൻ റിലീസ് ചെയ്‌തത്‌. ദൃശ്യവിസ്മയമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിലുള്ളത്. ഷാരൂഖ് ഖാനും ജോൺ എബ്രഹാമും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളും ദീപിക പദുക്കോണിന്റെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും തിയേറ്ററുകളിൽ ആവേശം തീർക്കുകയാണ്. ജനുവരി 25 നാണ് ‘പഠാൻ’ തിയേറ്ററുകളിലെത്തിയത്.

Story Highlights: Pathan breaks all box office records