ഇത് ബോളിവുഡിന്റെ തിരിച്ചു വരവ്; ബാഹുബലിയുടെയും കെജിഎഫിന്റെയും റെക്കോർഡ് തകർത്ത് ഷാരൂഖ് ഖാന്റെ ‘പഠാന്‍’

January 29, 2023

ബോക്സോഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഷാരൂഖ് ഖാന്റെ ‘പഠാന്‍’ അഞ്ചാം ദിനവും കുതിക്കുകയാണ്. റിലീസ് ചെയ്‌ത്‌ രണ്ടാം ദിനം തന്നെ ചിത്രം 200 കോടി നേടിയിരുന്നു. താരത്തിന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനാണ് ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാട് നിന്നും 100 കോടി നേടിയിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണിത്.

ഇപ്പോൾ ഇന്ത്യൻ ബോക്സോഫീസിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിലെത്തിയ ചിത്രമായി മാറിയിരിക്കുകയാണ് ‘പഠാൻ.’ കെജിഎഫ് 2 വിന്റേയും ബാഹുബലിയുടെയും ഹിന്ദി പതിപ്പുകളുടെ റെക്കോർഡുകളാണ് പഠാൻ തകർത്തെറിഞ്ഞത്. ഇത് ബോളിവുഡിന്റെ തിരിച്ചു വരവാണെന്നാണ് ആരാധകരും സിനിമ പ്രേമികളും പറയുന്നത്.

അതേ സമയം മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ ഒരു വമ്പൻ തിരിച്ചു വരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയിരിക്കുന്ന ‘പഠാൻ’ ആരാധകരുടെ പ്രതീക്ഷ കാത്തുവെന്നാണ് അറിയാൻ കഴിയുന്നത്.

Read More: കോഴിക്കോടൻ മണ്ണിലെ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിൽ ആവേശം പകരാൻ ‘തൈകൂടം ബ്രിഡ്ജ്’

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ദിവസം പഠാൻ റിലീസ് ചെയ്‌തത്‌. ദൃശ്യവിസ്മയമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിലുള്ളത്. ഷാരൂഖ് ഖാനും ജോൺ എബ്രഹാമും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളും ദീപിക പദുക്കോണിന്റെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും തിയേറ്ററുകളിൽ ആവേശം തീർക്കുകയാണ്. ജനുവരി 25 നാണ് ‘പഠാൻ’ തിയേറ്ററുകളിലെത്തിയത്.

Story Highlights: Pathan breaks kgf and bahubali records