മാധ്യമങ്ങൾക്ക് അഭിമുഖമില്ല; ‘ദൃശ്യം 2’ വിന് ശേഷം ചാനൽ പ്രൊമോഷൻ പരിപാടികളോട് മുഖം തിരിച്ച് ‘പഠാൻ’ ടീമും

January 20, 2023

ജനുവരി 25 നാണ് ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ വലിയ പ്രതീക്ഷയുണർത്തുന്ന ഒരു പിടി ചിത്രങ്ങളുമായി ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. ഇതിലേറ്റവും പ്രതീക്ഷയുണർത്തുന്ന ചിത്രമാണ് സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയിരിക്കുന്ന ‘പഠാൻ.’

ചിത്രത്തിന്റെ നിരവധി പ്രൊമോഷൻ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും മാധ്യമങ്ങൾക്ക് തൽക്കാലം അഭിമുഖങ്ങൾ കൊടുക്കേണ്ടെന്നാണ് ‘പഠാൻ’ ടീം തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുൻപ് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്. നേരത്തെ അജയ് ദേവ്ഗണിന്റെ ‘ദൃശ്യം 2’ വും സമാനമായ രീതിയിൽ അഭിമുഖങ്ങൾ ഒഴിവാക്കിയിരുന്നു.

നേരത്തെ ചില വിവാദങ്ങളെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് ഏറെ ആശങ്കകൾ നിലനിന്നിരുന്നു. ചിത്രത്തിന്റെ റിലീസിനോടുള്ള പ്രേക്ഷകരുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നതിനെ പറ്റി ഹിന്ദി സിനിമ ലോകത്തിനും പഠാന്റെ അണിയറ പ്രവർത്തകർക്കും വലിയ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ എല്ലാ ആശങ്കകളെയും കാറ്റിൽ പറത്തുകയായിരുന്നു ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്. ചില മേഖലകളിലെ തിയേറ്ററുകളിൽ മാത്രം ആരംഭിച്ച ലിമിറ്റഡ് അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡിട്ടിരിക്കുകയാണ് പഠാൻ. 1.70 കോടിയാണ് ചിത്രം ബുക്കിങ്ങിലൂടെ നേടിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More: ഗ്രാമത്തിലെ സ്‌കൂളിൽ ക്ലാസ്സെടുത്ത് നിത്യ മേനോൻ- വിഡിയോ

അതേ സമയം ദൃശ്യവിസ്മയമാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. അമ്പരപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിലുള്ളത്. ഷാരൂഖ് ഖാനും ജോൺ എബ്രഹാമും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളും ദീപിക പദുക്കോണിന്റെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും തിയേറ്ററുകളിൽ ആവേശം തീർക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

Story Highlights: Pathan team won’t give interviews to media