മഴവില്‍ വര്‍ണങ്ങളില്‍ ഒരു ‘റെയിന്‍ബോ വില്ലേജ്’
വിസ്മയങ്ങളേറെയുണ്ട് ലോകത്ത്. ചിലത് പ്രകൃതി സ്വയം ഒരുക്കിയതാണെങ്കില്‍ മറ്റ് ചില വിസ്മയങ്ങള്‍ മനുഷ്യ നിര്‍മിതികളാണ്. മഴവില്‍ വര്‍ണങ്ങളില്‍ കാഴ്ചക്കാര്‍ക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിയ്ക്കുന്ന ഒരു ഗ്രാമവും ലോകത്തിലെ വിസ്മയങ്ങളില്‍ ഒന്നാണ്. ഇന്തോനേഷ്യയിലാണ് ഈ റെയിന്‍ബോ വില്ലേജുള്ളത്.
കപുംങ് പെലാങ്കി എന്നാണ് ഈ ഗ്രാമത്തിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ ഇവിടം അറിയപ്പെടുന്നതാകട്ടെ മഴവില്‍ ഗ്രാമം എന്നും. ബാലി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്തോനേഷ്യയില്‍ ഏറെയുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ കാഴ്ചാനുഭവമാണ് റെയിന്‍ബോ വില്ലേജ് ഒരുക്കുന്നത്. ഈ ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തുന്നവരും ഏറെയാണ്.
വിവിധ വര്ണങ്ങളാല് മനോഹരമാണ് ഈ ഗ്രാമം. അതുകൊണ്ടുതന്നെയാണ് റെയിന്‍ബോ വില്ലേജ് എന്ന പേര് വന്നതും. വീടുകളും മേല്‍ക്കൂരകളും പാലങ്ങളും തൂണുകളും റോഡുകളുമെല്ലാം മഴവില്‍ വര്ണങ്ങളാല് നിറഞ്ഞു നില്ക്കുന്നു. ഏകദേശം 320-ഓളം വീടുകളുണ്ട് ഈ ഗ്രാമത്തില്‍. എല്ലാ വീടുകളും വിവിധ വര്ണങ്ങളാല് കൗതുക കാഴ്ചകളൊരുക്കുന്നു.
Read also: ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ പ്രണയം പകർന്ന ഗാനം പാട്ടുവേദിയിൽ അതിമനോഹരമായി ആലപിച്ച് സിദ്നാൻ
എന്നാല്‍ മുന്‍പ് ഇവിടുത്തെ സ്ഥിതി ഇങ്ങനെയായിരുന്നില്ല. ഒരുകാലത്ത് പൊട്ടിപ്പൊളിഞ്ഞ റോഡുകളും വൃത്തിഹീനമായ വീടുകളുമൊക്കെയായിരുന്നു ഇവിടെ നിറഞ്ഞു നിന്നത്. അങ്ങനെയിരിക്കെ ഇവിടുത്തെ താമസക്കാര്‍ തന്നെയാണ് വീടുകളും ഗ്രാമവും ഇത്രമേല്‍ സുന്ദാരമാക്കാന് മുന്നിട്ടിറങ്ങിയത്. സര്‍ക്കാര്‍ പ്രദേശവാസികള്‍ക്ക് ധനസഹായം നല്‍കിയതോടെ വീടും റോഡുമെല്ലാം കളര്‍ഫുള്ളായി.
മനോഹരമായ ചുവര്‍ചിത്രങ്ങളും ഈ ഗ്രാമത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. റോഡിന്റെ പല ഭാഗങ്ങളിലും മനോഹരമായ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കൊപ്പം തന്നെ നിരവധി ഫോട്ടോഗ്രാഫര്‍മാരുടേയും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് ഇന്ന് കപുംങ് പെലാങ്കി എന്ന ഗ്രാമം.
Story highlights: Rainbow village