ഒടിടി പ്രേക്ഷകരോട് അഭ്യർത്ഥനയുമായി മുകുന്ദൻ ഉണ്ണിയുടെ സംവിധായകൻ; ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു

January 13, 2023

തിയേറ്ററുകളിൽ വലിയ വിജയമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ നേടിയത്. വ്യത്യസ്‌തമായ പ്രമേയമാണ് ചിത്രത്തിന് വലിയ കൈയടി നേടിക്കൊടുത്തത്. പുതുമുഖ സംവിധായകനായ അഭിനവ് സുന്ദർ നായക് ഒരുക്കിയ ചിത്രത്തിൽ വിനീത് ശ്രീനിവാസനാണ് നായകനായെത്തിയത്. നവംബർ 11 ന് റിലീസ് ചെയ്‌ത ചിത്രം കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു.

ചിത്രം ഇപ്പോൾ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇതിന് മുൻപായി ഒടിടി പ്ലാറ്റ്ഫോമിന്റെ പ്രേക്ഷകരോട് സംവിധായകൻ അഭിനവ് നടത്തിയ അഭ്യർത്ഥനയാണ് ശ്രദ്ധേയമാവുന്നത്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് വിവിധ ഭാഷകളിൽ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ എത്തുമെങ്കിലും കഴിവതും ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഉള്ള മലയാളം ഒറിജിനല്‍ പതിപ്പ് തന്നെ കാണാൻ ശ്രമിക്കണമെന്നാണ് സംവിധായകൻ പറയുന്നത്. അഭിനേതാക്കളുടെ പ്രകടനം, വോയിസ് മോഡുലേഷൻ, സംഭാഷണ രീതി എന്നിവയൊക്കെ ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാൻ മലയാളം പതിപ്പ് തന്നെ കാണണമെന്നാണ് അഭിനവ് പറയുന്നത്.

Read More: ലൈവ് പെർഫോമൻസുമായി വേദി കൈയടക്കി പ്രണവ് മോഹൻലാൽ, കമൻറ്റുമായി ആൻറണി വർഗീസ്-വിഡിയോ

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Story Highlights: Request of mukundan unni associates director to ott audience