തട്ടിയാൽ പൊഴിയുന്നത് മനോഹര സംഗീതം- അത്ഭുതമായി ഒരു പാറക്കൂട്ടം
പ്രകൃതി ഒരു വിസ്മയം തന്നെയാണ്. ഒട്ടേറെ കൗതുകങ്ങൾ നിറഞ്ഞ കാഴ്ചകളും, അനുഭവങ്ങളും പ്രകൃതിയിൽ നിന്നും ലഭിക്കാറുണ്ട്. പുഴയുടെ ഒഴുക്കും, കാറ്റിലുലയുന്ന ഇലകളുടെ ശബ്ദവുമൊക്കെ വളരെ സംഗീതാത്മകമായി അനുഭവപ്പെടാറുണ്ട്. എന്നാൽ, പാറക്കല്ലുകൾ സംഗീതം പൊഴിച്ചാലോ? ഇതാണ് പ്രകൃതി ഒളിപ്പിച്ചിരിക്കുന്ന യഥാർത്ഥ കൗതുകം.
യു എസിലെ പെൻസിൽവാനിയയിലാണ് സംഗീതം പൊഴിക്കുന്ന പാറക്കല്ലുകൾ ഉള്ളത്. അവിടെ കാടിനു നടുവിലുള്ള റിങ്ങിങ് റോക്ക്സ് പാർക്കിലാണ് അമ്പരപ്പിക്കുന്ന പാറക്കൂട്ടമുള്ളത്. കാടിന് നടുവിൽ 128 ഏക്കറിൽ പരന്നു കിടക്കുകയാണ് ഈ പാറക്കൂട്ടം. ഒറ്റനോട്ടത്തിൽ ഒരു കുന്നിടിഞ്ഞു വീണതുപോലെയോ ആകാശത്ത് നിന്നും താഴേക്ക് കൂട്ടമായി വീണതുപോലെയോ ഒക്കെ തോന്നും. ഏകദേശം പത്തടി കനമുണ്ട് ഈ പാറക്കൂട്ടത്തിന്.
വളരെ കൗതുകകരമായ വിശേഷണങ്ങൾ ഈ പാറക്കൂട്ടത്തിനുണ്ട്. ഇവയിൽ മൂന്നിലൊന്ന് പാറകളും തട്ടിയാൽ സംഗീതം പൊഴിക്കുന്നവയാണ്. പലരും ഈ പാറകൾ തേടിയെത്തുകയും മനോഹരമായ സംഗീതം പാറകളിലൂടെ ഒരുക്കുകയും ചെയ്യാറുണ്ട്. അങ്ങനെയുള്ള നിരവധി വീഡിയോകൾ യൂടൂബിൽ ലഭ്യമാണ്.
മറ്റൊരു രസകരമായ കാര്യം, ഈ സ്ഥലത്തുനിന്നും പുറത്തേക്ക് കൊണ്ടുപോയാൽ പാറകൾക്ക് യാതൊരു പ്രത്യേകതയുമുണ്ടാകില്ല. റിങ്ങിങ് റോക്ക്സ് പാർക്കിൽ നിന്നും കൊട്ടിനോക്കി പുറത്തുകൊണ്ടുപോയിട്ട് ഒരു ഗുണവുമില്ലാതെ പോയ ഒട്ടേറെ അനുഭവങ്ങളുണ്ട്. 20കോടി വർഷം പഴക്കമുണ്ട് ഇവയ്ക്ക് എന്നതാണ് മറ്റൊരു കൗതുകം.
Read also: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ശ്രദ്ധനേടിയ കൗതുകങ്ങൾ
സാധാരണ പാറക്കെട്ടുകൾക്കിടയിൽ ചെടികൾ വളരുന്നതുപോലെ ഇവിടെ ഉണ്ടാകാറില്ല. മാത്രമല്ല, പാറകളിലൊന്നും പായലും പിടിക്കില്ല. അഗ്നിപർവത സ്ഫോടനം വഴി രൂപപ്പെടുന്ന ഡയബേസ് എന്നയിനം പാറയാണ് ഇവിടെയുള്ളത്. മുൻപ് ഇവിടെയൊരു ഭീമൻ പാറക്കെട്ടായിരുന്നിരിക്കാമെന്നും പിന്നീട് കാലങ്ങൾകൊണ്ട് ഇങ്ങനെ ചിന്നിച്ചിതറിയതാകാമെന്നും ഗവേഷകർ വിലയിരുത്തുന്നു. എന്നാൽ എന്താണ് ഈ സംഗീതം പൊഴിക്കുന്നതിന്റെ രഹസ്യമെന്നത് അജ്ഞാതമാണ്.
Story highlights- ringing rocks