ഗില്ലും ധോണിയും ഈ കാര്യത്തിൽ ഒരു പോലെ; മുൻ ഇന്ത്യൻ താരത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാവുന്നു

January 19, 2023

തകർപ്പൻ വിജയമാണ് ഇന്നലത്തെ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ടീം ഇന്ത്യ നേടിയത്. വമ്പൻ പോരാട്ടവീര്യം കാഴ്ച്ചവെച്ച കീവീസിനെതിരെ 12 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 78 പന്തുകളിൽ നിന്ന് 140 റൺസ് അടിച്ചുകൂട്ടിയ മൈക്കിൾ ബ്രേസ്‌വെൽ ഒരു ഘട്ടത്തിൽ ന്യൂസിലൻഡിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 350 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് 337 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

ഇരട്ട സെഞ്ചുറി നേടിയ ശുഭ്മൻ ഗില്ലിന്റെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 149 പന്തിൽ നിന്നാണ് ഗിൽ 208 റൺസ് നേടിയത്. ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലെ ആരാധകരെ ആവേശത്തിലാക്കിയാണ് ഗിൽ ഡബിൾ സെഞ്ചുറി നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗിൽ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഗിൽ സെഞ്ചുറി നേടിയിരുന്നു.

ഇപ്പോൾ ഗില്ലിനെയും മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയേയും താരതമ്യം ചെയ്‌ത്‌ കമന്റേറ്ററും മുൻ ഇന്ത്യൻ താരവുമായ സഞ്ജയ് മഞ്ജരേക്കർ പങ്കുവെച്ച നിരീക്ഷണമാണ് ശ്രദ്ധേയമാവുന്നത്. ധോണിയെ ആദ്യമായി താൻ കാണുമ്പോൾ അദ്ദേഹം സ്ട്രെയ്റ്റ് സിക്സറുകളാണ് കൂടുതലും നേടിയിരുന്നതെന്നാണ് സഞ്ജയ് പറയുന്നത്. വലിയ ഹിറ്റുകളിൽ തനിക്ക് സ്ഥിരതയുണ്ടാവുമെന്ന് ധോണി അന്ന് പറഞ്ഞിരുന്നതായി വെളിപ്പെടുത്തിയ സഞ്ജയ് മഞ്ജരേക്കർ ശുഭ്മൻ ഗില്ലിനും ഇതേ കഴിവ് കിട്ടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

Read More: മെസിയും റൊണാൾഡോയും ഇന്ന് ഏറ്റുമുട്ടുന്നു; മത്സരം സൗദിയിൽ

അതേ സമയം ഇന്നലത്തെ മത്സരത്തിലെ പ്രകടനത്തോടെ അതിവേഗം 1000 റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി. 19 ഇന്നിങ്‌സുകളിൽ നിന്നാണ് ശുഭ്മൻ ഗിൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

Story Highlights: Sanjay manjrekar compares shubman gill with dhoni