മെസിയും റൊണാൾഡോയും ഇന്ന് ഏറ്റുമുട്ടുന്നു; മത്സരം സൗദിയിൽ

January 19, 2023

ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും വീണ്ടും നേർക്കുനേർ മത്സരിക്കാൻ ഇറങ്ങുകയാണ്. അല്‍-നസ്ര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകൾ ഒരുമിച്ചിറങ്ങുന്ന സൗദി ഓൾ സ്റ്റാർ ഇലവന്റെ നായകനായാണ് റൊണാൾഡോ മെസിയുടെ പിഎസ്‌ജിക്കെതിരെ ഇറങ്ങുന്നത്. സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 10.30 നാണ് ഇരുടീമുകളും തമ്മിലുള്ള സൗഹൃദ മത്സരം നടക്കുന്നത്.

മെസിയുടെ പിഎസ്‌ജിക്കെതിരെയാണ് റൊണാൾഡോ സൗദിയിൽ അരങ്ങേറുന്നുവെന്നതും ശ്രദ്ധേയമാണ്. നേരത്തെ തന്നെ റൊണാൾഡോ അല്‍-നസ്റിൽ എത്തിയിരുന്നെങ്കിലും രണ്ട് മത്സരങ്ങളിലുള്ള വിലക്ക് കാരണമാണ് താരത്തിന്റെ അരങ്ങേറ്റം വൈകിയത്. മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന പിഎസ്ജിക്കെതിരെയുള്ള മത്സരം റൊണാൾഡോയ്ക്ക് കടുപ്പമേറിയത് തന്നെയാണ്. ലോകകപ്പിന് ശേഷം മെസിയും റൊണാൾഡോയും ഏറ്റുമുട്ടുന്ന മത്സരമായതിനാൽ തന്നെ ഈ പോരാട്ടം ഇപ്പോൾ തന്നെ ലോകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

Read More: ഇന്ത്യൻ ടീമിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റനുമൊത്തുള്ള ചിത്രം- മിഥുന് ഇത് സ്വപ്ന സാക്ഷാത്കാരം

അതേ സമയം ലോകകപ്പിന് ശേഷം ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം കൂടിയാണ് പിഎസ്‌ജിയും സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിൽ ഏറ്റുമുട്ടുന്ന സൗഹൃദ മത്സരം. വർഷങ്ങൾക്ക് മുൻപ് സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡും ബാഴ്‌സിലോണയും തമ്മിൽ നടന്ന എൽ-ക്ലാസിക്കോ മത്സരങ്ങൾ റൊണാൾഡോയും മെസിയും തമ്മിലുള്ള പോരാട്ടമായി കൂടിയാണ് ആരാധകർ കണ്ടിരുന്നത്. ഒരു സമയത്ത് ഫുട്‌ബോൾ പ്രേമികൾ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന മത്സരമാണ് റൊണാൾഡോയുടെ റയലും മെസിയുടെ ബാഴ്‌സിലോണയും തമ്മിൽ ഏറ്റുമുട്ടിയിരുന്ന എൽ-ക്ലാസിക്കോ. ലോകത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ ടെലിവിഷനിൽ കണ്ടിരുന്ന മത്സരം കൂടിയായിരുന്നു ഇത്.

Story Highlights: Messi and ronaldo friendly match today