ഷാരൂഖ് ഖാനൊപ്പം ചിത്രമുണ്ടാവുമോ; പ്രതികരണവുമായി ശ്യാം പുഷ്ക്കരൻ

January 22, 2023

ശ്യാം പുഷ്ക്കരൻ തിരക്കഥ എഴുതിയ ‘തങ്കം’ റിലീസിനൊരുങ്ങുകയാണ്. ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവരോടൊപ്പം ശ്യാമും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തിച്ച നിർമ്മാണ കമ്പനിയാണ് ഭാവന സ്‌റ്റുഡിയോസ്. ജനുവരി 26 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ ശ്യാം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. നേരത്തെ ഷാരൂഖ് ഖാനൊപ്പം ശ്യാമും സംവിധായകൻ ആഷിഖ് അബുവും ചേർന്ന് ഒരു സിനിമ ചെയ്യുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. പിന്നീട് ഇതിനെ പറ്റി വിവരങ്ങൾ ഒന്നും വന്നിരുന്നില്ല. ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ശ്യാം പുഷ്ക്കരൻ.

ചിത്രം ഇപ്പോഴും നടക്കാൻ സാധ്യതയുണ്ടെന്നാണ് ശ്യാം പറയുന്നത്. ഷാരൂഖ് ഖാനെ പോലെ ഒരു വലിയ താരത്തെ വെച്ച് സിനിമ ചെയ്യുമ്പോൾ രണ്ടോ മൂന്നോ വർഷം അതിന് വേണ്ടി മാറ്റി വയ്‌ക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.സ്ക്രിപ്റ്റ് പൂർത്തിയായാൽ ഷാരൂഖ് ഖാനെ വീണ്ടും കാണുമെന്നും ശ്യാം പുഷ്ക്കരൻ കൂട്ടിച്ചേർത്തു.

അതേ സമയം ജനുവരി 25 നാണ് ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ വലിയ പ്രതീക്ഷയുണർത്തുന്ന ഒരു പിടി ചിത്രങ്ങളുമായി ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. ഇതിലേറ്റവും പ്രതീക്ഷയുണർത്തുന്ന ചിത്രമാണ് സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയിരിക്കുന്ന ‘പഠാൻ.’

Read More: ഗ്രാമത്തിലെ സ്‌കൂളിൽ ക്ലാസ്സെടുത്ത് നിത്യ മേനോൻ- വിഡിയോ

നേരത്ത ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തിരുന്നു. ദൃശ്യവിസ്മയമാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. അമ്പരപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിലുള്ളത്. ഷാരൂഖ് ഖാനും ജോൺ എബ്രഹാമും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളും ദീപിക പദുക്കോണിന്റെ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും തിയേറ്ററുകളിൽ ആവേശം തീർക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

Story Highlights: Syam pushkaran about sharukh khan movie