‘പ്രകൃതി പടമല്ല, തങ്കം കൂടുതൽ സിനിമാറ്റിക്ക്’; മാസ്, കൊമേഴ്സ്യൽ സിനിമകളിലേക്കുള്ള ആദ്യ ചുവടെന്ന് ശ്യാം പുഷ്കരൻ

January 23, 2023

ഭാവന സ്റ്റുഡിയോസ് ഇതുവരെ നിർമ്മിച്ചതിൽ ബജറ്റ് കൂടിയ സിനിമയാണ് ‘തങ്ക’മെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. താനെഴുതുന്ന സിനിമകൾ പൊതുവെ പ്രകൃതിയാണെന്ന പരാതിയുണ്ടെന്നും എന്നാൽ തങ്കം കൂടുതൽ സിനിമാറ്റിക്കാണെന്നും ശ്യാം പറഞ്ഞു. ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനലിലെ ‘തങ്കം’ ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭയങ്കര പരിപാടികളുണ്ടായിട്ടൊന്നുമല്ല സിനിമയുടെ ബജറ്റ് കൂടിയത്. സിനിമയ്ക്കുവേണ്ടി എടുത്ത സമയവും പല പല സ്ഥലങ്ങളിലെ ഷൂട്ടും ഫിനിഷിങ്ങിനു വേണ്ടിയുള്ള ശ്രമങ്ങളുമൊക്കെ അതിലുണ്ട്. കലാസംവിധായകനായ ഗോകുൽ ദാസിന്‍റെ ബുദ്ധിപൂർവ്വമുള്ള ഇടപെടലുകള്‍ പ്രൊഡക്ഷൻ കോസ്റ്റ് അധികം കൂടാതെ പിടിച്ചു നിർത്താൻ സഹായിച്ചു. ഞങ്ങളുടെ പടങ്ങളിൽ ഇരുട്ട് കൂടുതലാണെന്നൊരു പരാതിയുണ്ടായിരുന്നു, അത് മറികടക്കാൻ തങ്കം കൂടുതൽ സിനിമാറ്റിക്കായിട്ടുണ്ട്. ഛായാഗ്രാഹകൻ ഗൗതം ശങ്കർ ബോധപൂർവ്വം അതിനായി ശ്രമിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഞങ്ങളുടെ സിനിമകളിൽ പ്രകൃതിയാണെന്ന പരാതിയുണ്ട്, ആയുര്‍വേദം പോലെ സൈഡ് എഫക്ട് ഇല്ലാത്തതതാണത്. ബിജു ചേട്ടനും വിനീതുമൊക്കെ വന്നപ്പോൾ ആ പരാതി മാറിയിട്ടുണ്ടെന്നും ഞാനെഴുതിയ ഡയലോഗുകളൊക്കെ ഇവർ പറയുമ്പോൾ തന്നെ ഒരു പുതുമ തോന്നു’മെന്നും ശ്യാം പറഞ്ഞു. മാസ്, കൊമേഴ്സ്യൽ സിനിമകൾ ചെയ്യണമെന്നുണ്ട് ‘തങ്കം’ അതിലേക്കുള്ള ആദ്യ ചുവടാണെന്നും അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്യാം വ്യക്തമാക്കിയിരുന്നു.

വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അറാഫത്താണ്.

ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ക്യാമറ, ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.

Read More: ലോട്ടറി അടിച്ച തുക എന്ത് ചെയ്‌തു; ഓണം ബമ്പർ നേടിയ അനൂപ് 24 ന്യൂസിനോട് മനസ്സ് തുറന്നു

ആക്‌ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്യൂം ഡിസൈൻ മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ് ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി.ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ.

Story Highlights: Syam pushkaran about thankam