ആത്മവിശ്വാസം തകർക്കുന്ന മുഖത്തെ വലിയ കുഴികൾ; കാരണവും പ്രതിവിധിയും

January 25, 2023

മുഖം ഒരാളുടെ ദൈനംദിന ജീവിതത്തിലെ ആത്മവിശ്വാസത്തിൽ എത്രത്തോളം ബാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല. സൗന്ദര്യം എന്നതിലല്ല, മുഖക്കുരു, കറുത്തപാടുകൾ, കുഴികൾ, എന്നിവയൊക്കെയാണ് എല്ലാവരുടെയും പ്രശ്നനങ്ങൾ. പലരും ശ്രദ്ധിക്കാത്ത ഒന്നാണ് മുഖത്ത് ഉണ്ടാകുന്ന കുഴികൾ. മുഖത്തെ ചർമ്മത്തിന്റെ ഉപരിതലത്തിലുള്ള ഈ കുഴികൾ ഒരാളുടെ ആത്മവിശ്വാസത്തെ വളരെയധികം ബാധിക്കാറുണ്ട്. ഈ സുഷിരങ്ങൾ മേക്കപ്പ് ഉപയോഗിച്ച് മറയ്ക്കുക അല്ലെങ്കിൽ കോസ്മെറ്റിക് ചികിത്സയുടെ സഹായത്തോടെ അവ ഒഴിവാക്കുക എന്നതാണ് ആകെയുള്ള മാർഗമായി കാണുന്നത്. രണ്ടിനും ദോഷങ്ങളുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല. മേക്കപ്പ് മറ്റു ചർമ്മ പ്രശ്നങ്ങളും സമയനഷ്ടവും സമ്മാനിക്കും. പ്രൊഫഷണലായി നീക്കം ചെയ്യുന്നത് വളരെ ചെലവേറിയതുമാണ്.

എല്ലാവരുടെയും ചർമ്മത്തിന്റെ ഉപരിതലത്തിൽ സെബം ഉത്പാദിപ്പിക്കുന്ന സുഷിരങ്ങൾ ഉണ്ട്. നിങ്ങളുടെ ചർമ്മത്തിലെ സ്വാഭാവിക എണ്ണയാണിത്. സെബം ചർമ്മത്തെ ജലാംശവും ആരോഗ്യവും നിലനിർത്തുന്നു.ചെറിയ സുഷിരങ്ങൾ പ്രശ്നക്കാരല്ല. എന്നാൽ വലിയ സുഷിരങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ശ്രദ്ധിക്കണം. വലിയ സുഷിരങ്ങൾ പ്രത്യക്ഷപ്പെടുന്നതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്.

മുഖത്തെ സെബാസിയസ് ഗ്രന്ഥികൾ അമിതമായി പ്രവർത്തിക്കുമ്പോൾ മുഖത്ത് വലിയ സുഷിരങ്ങൾ പ്രത്യക്ഷപ്പെടുന്നു . അനാരോഗ്യകരമായ ഭക്ഷണം, അമിതമായ സൂര്യപ്രകാശം, സമ്മർദ്ദം, സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ, ശരിയായ ചർമ്മസംരക്ഷണം പാലിക്കാത്തത് എന്നിവ കാരണം സ്വാഭാവികമായി സെബാസിയസ് ഗ്രന്ഥികൾ അമിതമായി പ്രവർത്തനക്ഷമമാകും.

മറ്റൊന്നാണ്, വർഷങ്ങൾ കഴിയുന്തോറും ശരീരത്തിലെ പ്രോട്ടീൻ കൊളാജന്റെ സ്വാഭാവിക ഉത്പാദനം കുറയുന്നു. ഇത് ചർമ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. അങ്ങനെ സുഷിരങ്ങൾ ഉള്ളതിനേക്കാൾ വലുതായി കാണപ്പെടും. മറ്റൊന്ന് ജനിതകമായ പ്രശ്നങ്ങളാണ്. അവ ലളിതമായ മാർഗങ്ങളിലൂടെ മാറ്റാൻ സാധിക്കില്ല എന്നതാണ് ശ്രദ്ധേയം.

Read Also: ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

ഇവയിൽനിന്നും ഒരു മോചനം ലഭിക്കണമെങ്കിൽ പ്രധാനമായും ചെയ്യേണ്ടത് ആഹാരത്തിലുള്ള നിയന്ത്രണമാണ്. ഭക്ഷണക്രമം നിശ്ചയിക്കുക. ആഹാരത്തിലെ കാർബോഹൈഡ്രേറ്റുകളുടെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കാൻ ശ്രമിക്കണം. കാരണം ഇവ എണ്ണ ഉൽപാദനത്തിന് കാരണമാകും. പകരം ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനങ്ങളും കറുവപ്പട്ട, വെളുത്തുള്ളി, ഇഞ്ചി, ഗ്രാമ്പൂ എന്നിവയും ഉൾപ്പെടുത്താം. കാരണം ഇവ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്നു. ഗ്രീൻ ടീയും പച്ചക്കറികളും മത്സ്യവും വലിയ സുഷിരങ്ങളും മുഖക്കുരുവും നിയന്ത്രണവിധേയമാക്കും.

ശരിയായ ചർമ്മസംരക്ഷണം വളരെ നിർണായകമാണ്. മേക്കപ്പ് അവശിഷ്ടങ്ങൾ, അഴുക്ക് എന്നിവ സുഷിരങ്ങൾ വലുതാക്കാൻ കാരണമായേക്കും. അതിനാൽ, ചർമ്മത്തെ നന്നായി വൃത്തിയാക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും വേണം.

Story highlights- Tips To Get Rid Of Your large Pores