ക്യാപ്റ്റൻ കൂളിനൊപ്പം അൽപനേരം; ധോണിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ

January 9, 2023

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകനാണ് മഹേന്ദ്ര സിങ് ധോണി. കപിൽ ദേവിന് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകൻ കൂടിയാണ് അദ്ദേഹം. സമാനതകളില്ലാത്ത വിജയങ്ങളാണ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

ഇപ്പോൾ ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. ധോണിക്കൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ച അനുഭവമാണെന്നാണ് താരം പറയുന്നത്. ക്യാപ്റ്റനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഓൺസ്‌ക്രീനിൽ കണ്ടപോലെ തന്നെയാണ് നേരിട്ടെന്നും ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു. ധോണിയ്‌ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.

“ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ച ഒരു അനുഭവമാണ്. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ ഞാൻ ഭാ​ഗ്യവാനാണ്. എല്ലാവർക്കും ഒരു നല്ല മാതൃകയാണ് ധോണി. അദ്ദേഹത്തോടൊപ്പമുള്ള സമയം കൂളായിരുന്നു. നമ്മൾ ഓൺസ്‌ക്രീനിൽ കണ്ട അതേ വ്യക്തി തന്നെ. കൂൾ, ശാന്തം, സ്വതസിദ്ധമായ കഴിവ് എല്ലാം ചേർന്ന വ്യക്തി. ഞങ്ങൾ മികച്ച ചർച്ചകൾ നടത്തി. അനായസമായി ഉന്നതമായ ചിന്തകൾ പലപ്പോഴായി അദ്ദേഹം പങ്കുവച്ചു. അദ്ദേഹത്തിന്റെ യാത്ര കൂടുതൽ ശോഭിക്കുന്നതാകട്ടെ”- ചിത്രം പങ്കുവെച്ചു കൊണ്ട് ടൊവിനോ കുറിച്ചു.

Read More: ഒറ്റനോട്ടത്തിൽ ശോഭന തന്നെ; നടിയുമായി അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി അപര- വിഡിയോ

അതേ സമയം ടൊവിനോ നായകനായ ‘തല്ലുമാല’ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു. മലയാള സിനിമയ്ക്ക് തീർത്തും പുതുമയുള്ള ഒരു കഥാപശ്ചാത്തലവും കഥപറച്ചിൽ രീതിയുമായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് തല്ലുമാല. ആക്ഷൻ രംഗങ്ങളാണ് തല്ലുമാലയുടെ ഏറ്റവും വലിയ പ്രത്യേകത. ആദ്യ ഷോ മുതൽ വലിയ ജനത്തിരക്കാണ് സിനിമയ്ക്കുണ്ടായിരുന്നത്. പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്.

Story Highlights: Tovino shares photo with dhoni