“എല്ലാ ഇടവും നമ്മ ഇടം..”; കാത്തിരിപ്പിനൊടുവിൽ വരിശിന്റെ ട്രെയ്ലർ എത്തി
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് വിജയ് ചിത്രം വരിശിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. വിജയ് ആരാധകർക്കുള്ള പൊങ്കൽ സമ്മാനമാണ് ചിത്രം. ആക്ഷനും റൊമാൻസും എല്ലാ ഉൾപ്പെടുത്തിയ ഒരു സമ്പൂർണ വിജയ് ചിത്രമാണ് വരിശെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. മനോഹരമായ ഒരു കുടുംബ കഥയും ചിത്രത്തിലുണ്ടെന്ന് ട്രെയ്ലറിൽ നിന്ന് വ്യക്തമാണ്.
നെൽസന്റെ ബീസ്റ്റിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രമെന്ന നിലയിൽ വരിശിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരുന്നു. “തീ ഇത് ദളപതി..” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തമിഴ് സൂപ്പർ താരം സിമ്പുവാണ്. ഗാനം വളരെ പെട്ടെന്ന് തന്നെ ഹിറ്റായി മാറിയിരുന്നു.
ലോകേഷ് കനകരാജ് ചിത്രത്തിലാണ് വിജയ് ഇനി അഭിനയിക്കുന്നത്. ദളപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കിംഗ് അർജുൻ ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ ആരാധകരുടെ ആവേശം വാനോളമാണ്.
Read More: ‘മണി, പസിക്കിത് മണി..’- ജയറാമിന് കാളിദാസ് നൽകിയ രസികൻ പണി, ഒപ്പം പൊട്ടിച്ചിരിയോടെ പാർവതി- വിഡിയോ
അതേ സമയം വരിശിന്റെ ഓഡിയോ ലോഞ്ചിനിടയിൽ വിജയ് പറഞ്ഞ വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ തനിക്ക് ഒരു എതിരാളി ഉണ്ടായിരുന്നുവെന്നും ആ എതിരാളിയുമായുള്ള മത്സരമാണ് തനിക്ക് വലിയ വിജയങ്ങൾ തന്നതെന്നും പറയുകയാണ് വിജയ്. “ജയിക്കണമെന്ന വാശിയുള്ളവർക്കുള്ളിൽ എപ്പോഴും ഒരു എതിരാളിയുണ്ടായിരിക്കണം. അയാൾ നിങ്ങൾ തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമേയില്ല. നിങ്ങൾ നിങ്ങളോടുതന്നെ പൊരുതണം. അതുമാത്രമേ നിങ്ങളെ മികച്ചവനാക്കൂ. 1990-കളിൽ എതിരാളിയായി ഒരു നടൻ രൂപപ്പെട്ടു. ആദ്യം എതിരാളിയായിരുന്നു, പിന്നെ അയാളോടുള്ള മത്സരം ഗൗരവമുള്ളതായി. അദ്ദേഹത്തിന്റെ വിജയങ്ങളെ ഞാൻ ഭയന്നു. ആ മത്സരാർത്ഥി ഉണ്ടായ വർഷം 1992. അയാളുടെ പേര് ജോസഫ് വിജയ്”- വിജയിയുടെ വാക്കുകൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
Story Highlights: Varishu trailer released