കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

January 19, 2023

കൊളസ്‌ട്രോള്‍ എന്ന വാക്ക് പരിചിതമല്ലാത്തവര്‍ ഒരു പക്ഷെ കുറവായിരിക്കും. പ്രത്യേകിച്ച് തിരക്കേറിയ ഈ ജീവിത സാഹചര്യത്തില്‍. കൃത്യതയില്ലാത്ത ജീവിതരീതിയും ക്രമം തെറ്റിയ ഭക്ഷണരീതിയുമൊക്കെ പലരിലും കൊള്‌സ്‌ട്രോള്‍ അമിതമാക്കുന്നു. ഹൃദയാരോഗ്യത്തെ പോലും ദോഷകരമായി ബാധിക്കാറുണ്ട് ശരീരത്തിലെ അമിത കൊളസ്‌ട്രോള്‍. ഇത് പലപ്പോഴും സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് പോലുള്ള അവസ്ഥകള്‍ക്കും കാരണമാകുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇങ്ങനെ ഒരു ചോദ്യം പലര്‍ക്കും ഉണ്ടാകാം. ഇതിനുള്ള ഉത്തരം വളരെ എളുപ്പത്തില്‍ പറഞ്ഞാല്‍ വ്യായാമം ശീലമാക്കുകയും ഭക്ഷണം ക്രമീകരിക്കുകയും വേണം. ഭക്ഷണം ക്രമീകരിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ്. അതുപോലെതന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും അധികമായി കഴിക്കാതിരിക്കുക. ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗവും കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.

അതുപോലെതന്നെ പഴങ്ങളും പച്ചക്കറികളും ധാരളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഇലക്കറികള്‍. ഇവ നിത്യവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അമിത വണ്ണത്തെ ചെറുക്കാനും സഹായിക്കുന്നു. ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലവനോയ്ഡ് ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

Read Also: ഗില്ലാട്ടം; ഡബിൾ സെഞ്ചുറിയുമായി ശുഭ്മൻ ഗിൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ

ഭക്ഷണകാര്യത്തിനൊപ്പം തന്നെ വ്യായാമത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ നിര്‍ബന്ധമായും ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ നേരമെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രക്തത്തില്‍ അമിതമാകുന്ന കൊളസ്‌ട്രോളിനെ ചെറുക്കാം.

Story highlights: Ways to Reduce Cholesterol