“ഇനിയൊരു ആടുതോമ ഉണ്ടാവാതിരിക്കട്ടെ..”; അധ്യാപികയുടെ വാക്കുകൾ ശ്രദ്ധേയം, വിഡിയോ പങ്കുവെച്ച് ഭദ്രൻ

ഭദ്രൻ ഒരുക്കിയ മാസ്റ്റർപീസാണ് ‘സ്ഫടികം.’ മോഹൻലാൽ എന്ന മഹാനടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്ഫടികത്തിലെ ആടുതോമ. മലയാള സിനിമയിലെ ക്ലാസ്സിക്കായ ഈ സൂപ്പർ ഹിറ്റ് ചിത്രം ഇപ്പോൾ വീണ്ടും റിലീസിനൊരുങ്ങുകയാണ്. റിലീസ് ചെയ്ത് 28 വർഷങ്ങൾ തികയുമ്പോഴാണ് സ്ഫടികം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. ഫെബ്രുവരി 9 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ഇപ്പോൾ സംവിധായകൻ ഭദ്രൻ പങ്കെടുത്ത ഒരു ചടങ്ങിൽ ഒരു അധ്യാപിക സ്ഫടികത്തെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. “സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ആടുതോമ അതിലെ ആദ്യ അധ്യായമാണ്. വരികൾക്കിടയിലൂടെ രക്ഷിതാക്കളും അധ്യാപകരും വായിച്ച് വ്യാഖ്യാനിക്കേണ്ടൊരു അധ്യായം. രണ്ടാമത്തെ അധ്യായം ചാക്കോ മാഷ്. ഇങ്ങനെ അനേകം അധ്യായങ്ങൾ ചേരുന്നൊരു ബൃഹത് ഗ്രന്ഥമാണ് സ്ഫടികം. ഇനി ആടുതോമമാര് സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ”, പറയുന്നത് ഒരു ടീച്ചറാണ്. ഞാൻ കൂടി ഭാഗമായൊരു ചടങ്ങിലായിരുന്നു അവരിതു പറഞ്ഞത്. യാദൃശ്ചികമായി കഴിഞ്ഞ ദിവസം ആ വിഡിയോ എനിക്ക് മൊബൈലിൽ ലഭിച്ചപ്പോൾ ഏറെ അർത്ഥവത്തായ ആ വരികൾ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി, ടീച്ചറെ പ്രണാമം”- അധ്യാപികയുടെ വിഡിയോ പങ്കുവെച്ചു കൊണ്ട് ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Read More: ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ കോണ്ടസ്റ്റ് അവസാനിക്കാൻ ഇനി 3 ദിവസം മാത്രം!
അതേ സമയം മോഹൻലാലാണ് നേരത്തെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. “എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകമെമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 ന് സ്ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’- മോഹൻലാൽ കുറിച്ചു. പുതിയ പോസ്റ്ററും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. സ്ഫടികം വീണ്ടും റിലീസ് ചെയ്യാൻ പതിനായിരക്കണക്കിന് ആളുകളുടെ കത്തുകളും അഭ്യർത്ഥനകളും ഉണ്ടായിരുന്നെന്ന് ഭദ്രൻ പറഞ്ഞിരുന്നു.
Story Highlights: Bhadran shares a teacher’s video about sphadikam