സിസിഎൽ; തുടക്കം പിഴച്ചു, തെലുഗു വാരിയേഴ്‌സിനോട് കനത്ത പരാജയം ഏറ്റുവാങ്ങി C3 കേരള സ്‌ട്രൈക്കേഴ്‌സ്
തോൽവിയോടെയാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തുടങ്ങിയിരിക്കുന്നത്. 64 റൺസിന്റെ കനത്ത പരാജയമാണ് കേരളം തെലുഗു വാരിയേഴ്‌സിനോട് ഏറ്റുവാങ്ങിയത്. രാജീവ് പിള്ള ഒഴികെ ആർക്കും മികച്ച സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ല. അതേ സമയം രണ്ട് ഇന്നിങ്‌സുകളിലും അർധ സെഞ്ചുറി നേടിയ തെലുങ്ക് നായകൻ അഖിൽ അക്കിനേനിയുടെ തകർപ്പൻ പ്രകടനമാണ് ടീമിന് മികച്ച വിജയം സമ്മാനിച്ചത്.
നായകൻ കുഞ്ചാക്കോ ബോബന്റെ അസാന്നിധ്യത്തിൽ ഉണ്ണി മുകുന്ദനാണ് കേരളത്തെ നയിച്ചത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ 169 റൺസായിരുന്നു കേരളത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 10 ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനെ കേരളത്തിന് കഴിഞ്ഞുള്ളു. രാജീവ് പിള്ളയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ.
ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ഇത്തവണ C3 കേരള സ്‌ട്രൈക്കേഴ്‌സ് ടീമിലുള്ളത്.
Read More: തന്റെ പ്രിയപ്പെട്ട ഭക്ഷണം എത്തിയപ്പോൾ വിരാട് കോലിയുടെ രസകരമായ പ്രതികരണം; വിഡിയോ ഏറ്റെടുത്ത് ആരാധകർ
ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19 ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരന്നിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമ താരങ്ങൾ വീണ്ടും ക്രിക്കറ്റിനായി മൈതാനത്തേക്ക് ഇറങ്ങിയിരിക്കുന്നത്. കൊവിഡ് കാരണം 2020 മുതൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നിരുന്നില്ല. മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഫ്‌ളവേഴ്‌സ് ടിവി മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഒരുക്കിയിരുന്നു.
Story Highlights: C3 kerala strikers lost against telugu warriors