സിസിഎൽ; കേരളത്തിന്റെ ആദ്യ മത്സരം ഇന്ന്, തത്സമയ സംപ്രേഷണവുമായി ഫ്ളവേഴ്സ് ടിവി
മലയാള സിനിമ താരങ്ങളുടെ ക്രിക്കറ്റ് ടീമായ സീ ത്രീ കേരള സ്ട്രൈക്കേഴ്സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുകയാണ്. തെലുഗു വാരിയേഴ്സാണ് കേരളത്തിന്റെ എതിരാളികൾ. ഉച്ചയ്ക്ക് 2.30 നാണ് മത്സരം. മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഫ്ളവേഴ്സ് ടിവി മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്.
കേരളത്തെ നയിക്കുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനാണ്. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് കുഞ്ചാക്കോ ബോബൻ നയിക്കുന്ന സ്ട്രൈക്കേഴ്സിലെ താരങ്ങൾ.
കൊവിഡ് കാരണം 2020 മുതൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നിരുന്നില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമ താരങ്ങൾ വീണ്ടും ക്രിക്കറ്റിനായി മൈതാനത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19 ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്ട്രൈക്കേഴ്സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരന്നിരിക്കുന്നത്.
Read More: മഞ്ജു വാര്യർ ഇനി പുത്തൻ ബൈക്കിൽ പായും; ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി താരം-വിഡിയോ
അതേ സമയം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ചെന്നൈ റൈനോസ് മുംബൈ ഹീറോസിനെയും കർണാടക ബുൾഡോസേഴ്സ് ബംഗാൾ ടൈഗേഴ്സിനെയും പരാജയപ്പെടുത്തി. 10 വിക്കറ്റിന്റെ കൂറ്റൻ വിജയമാണ് ചെന്നൈ നേടിയത്. 8 വിക്കറ്റിനാണ് കർണാടക ബംഗാളിനെ തകർത്തത്.
Story Highlights: CCL live telecast on flowers tv