ആരും പറയാത്ത പുതുമയുള്ളൊരു പ്രണയകഥ പറഞ്ഞ് ‘ക്രിസ്റ്റി’ കൈയടി വാങ്ങുമ്പോൾ-റിവ്യൂ
സമൂഹം കൽപിച്ചിരിക്കുന്ന അതിരുകളെ ഭേദിക്കുന്ന വികാരമാണ് പ്രണയം. പ്രണയത്തിലൂടെയാണ് മനുഷ്യർ തനിക്ക് ചുറ്റും പണിത് വെച്ചിരിക്കുന്ന അദൃശ്യമായ വേലിക്കെട്ടുകളിൽ നിന്ന് പുറത്തു വരുന്നതും ജീവിതത്തെ ഏറെ ആവേശത്തോടെ ചേർത്ത് പിടിക്കുന്നതും. മലയാള സിനിമയിൽ അധികം ആരും പറഞ്ഞു പോയിട്ടില്ലാത്ത ഒരു പ്രണയകഥയ്ക്ക് ദൃശ്യഭാഷ ഒരുക്കി കൈയടി വാങ്ങുകയാണ് ആൽവിൻ ഹെൻറിയുടെ ‘ക്രിസ്റ്റി.’
തന്നെക്കാൾ പ്രായം കൂടിയ ക്രിസ്റ്റി എന്ന പെൺകുട്ടിയോട് പ്രണയം തോന്നുന്ന കൗമാരക്കാരനായ റോയിയുടെ കഥയാണിത്. ഒരു കൗമാര പ്രണയത്തിന്റെ തമാശകൾക്കപ്പുറം റോയിയുടെ ഉള്ളിലേക്ക് പ്രണയം ആഴ്ന്നിറങ്ങുമ്പോൾ ഒരേ സമയം അവന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായതും അതേ പോലെ വേദന നൽകുന്നതുമായ അനുഭവങ്ങളിലൂടെയാണ് അവൻ കടന്നു പോകുന്നത്. ഒരു ഘട്ടത്തിലും കഥപറച്ചിലിന്റെ രസച്ചരട് പൊട്ടാതെ മുന്നോട്ട് കൊണ്ട് പോകുമ്പോഴാണ് ഒരു കഥ മികച്ചതാവുന്നത്. ആ രീതിയിൽ അതിമനോഹരമായ ഒരു കഥ പറയുകയാണ് ‘ക്രിസ്റ്റി.’ സംവിധായകനായ ആൽവിൻ ഹെൻറിയുടെ കഥയ്ക്ക് കെട്ടുറപ്പുള്ളൊരു തിരക്കഥയാണ് ബെന്യാമിനും ഇന്ദുഗോപനും ചേർന്ന് ഒരുക്കിയിരിക്കുന്നത്.
റോയിയെ അവതരിപ്പിച്ച മാത്യു തോമസിന്റെയും ക്രിസ്റ്റിയായി എത്തിയ മാളവിക മോഹനന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ എടുത്ത് പറയേണ്ടത്. പരസ്‌പരം പ്രകടിപ്പിക്കാത്ത പ്രണയ നിമിഷങ്ങളെ പലപ്പോഴും സൂക്ഷ്മാഭിനയത്തിലൂടെയാണ് ഇരുവരും പ്രേക്ഷകരിലേക്കെത്തിക്കുന്നത്. പൂവാറിന്റെയും മാലി ദ്വീപിന്റെയും മനോഹാരിത ഒപ്പിയെടുത്ത ഛായാഗ്രാഹകൻ ആനന്ദ്.സി.ചന്ദ്രൻ അതിമനോഹരമായൊരു ദൃശ്യഭാഷ്യമാണ് ക്രിസ്റ്റിക്കായി ഒരുക്കിയിരിക്കുന്നത്.
എന്നാൽ ചിത്രത്തിൽ ഏറെ എടുത്ത് പറയേണ്ട മറ്റൊരു ഘടകം സംഗീതമാണ്. ഗോവിന്ദ് വസന്തയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് കഥാപാത്രങ്ങളുടെ പ്രണയവും നിരാശകളും വേദനകളുമൊക്കെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണായകമാവുന്നത്. ഒരു ഡയലോഗ് പോലുമില്ലാതെ പല സീനുകളിലും പ്രേക്ഷകരുടെ മനസ്സ് ഉലയുന്നതിൽ സംഗീതം വഹിക്കുന്ന പങ്ക് ചെറുതല്ല.
അഭിനയവും സംഗീതവും ദൃശ്യങ്ങളുമൊക്കെ ഏറെ മികച്ച് നിൽക്കുന്ന ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ തിയേറ്ററിൽ തന്നെ കണ്ടനുഭവിക്കേണ്ടതാണ്. കണ്ടിറങ്ങുന്ന പ്രേക്ഷകരിൽ എന്നെന്നും തങ്ങി നിൽക്കുന്ന നിമിഷങ്ങളാണ് ചിത്രത്തിന്റെ അവസാന ഭാഗത്തായുള്ളത്. ക്രിസ്റ്റിയും റോയിയും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളാവുമെന്നും ഉറപ്പാണ്.
Read More: ക്രിസ്റ്റിയുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു; യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്
റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ്, മഞ്ജു പത്രോസ്, ഊർമിള കൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് – ഹുവൈസ് മാക്സോ.
Story Highlights: Christy movie review