‘ദളപതി 67’ ടൈറ്റിൽ പ്രഖ്യാപനം നാളെ; ലോകേഷ് പങ്കുവെച്ച പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

February 2, 2023

ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമാവുകയാണ്. വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നാളെയുണ്ടാവും. ‘ദളപതി 67’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ നാളെ പ്രഖ്യാപിക്കുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവെച്ച പോസ്റ്റർ ഇപ്പോൾ വൈറലാവുകയാണ്. കയ്യിൽ ചോരയുമായി നിൽക്കുന്ന വിജയിയുടെ പോസ്റ്ററിലെ ലുക്ക് ആരാധകർ ഇപ്പോൾ തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. ഇന്ത്യ മുഴുവൻ വലിയ ഹിറ്റായി മാറിയ കമൽ ഹാസന്റെ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘ദളപതി 67.’ സൂപ്പർ താരം വിജയ് നായകനായെത്തുന്ന ചിത്രം മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. അതിനാൽ തന്നെ ആരാധകരുടെ ആവേശം വാനോളമാണ്.

നേരത്തെ ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്ന താരനിരയെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്ന ഒന്‍പത് താരങ്ങളെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. താരം ചിത്രത്തിന്റെ ഭാഗമാവുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അതോടൊപ്പം സൂപ്പർ താരം അർജുൻ, സംവിധായകർ കൂടിയായ ഗൗതം മേനോൻ, മിഷ്ക്കിൻ എന്നിവരും മലയാളി താരം മാത്യു തോമസും ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്നുണ്ട്.

Read More: ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിലേക്ക് ആസ്വാദകരെ സ്വാഗതം ചെയ്‌ത്‌ ഗൗരി ലക്ഷ്‌മി-വിഡിയോ

അതേ സമയം കൊവിഡിന് ശേഷം വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരുന്ന തിയേറ്ററുകൾക്ക് വലിയ ഉണർവ്വാണ് കമൽ ഹാസൻ ചിത്രം വിക്രം നൽകിയത്. ഇന്ത്യയൊട്ടാകെ വമ്പൻ വിജയമാണ് വിക്രം നേടിയത്. ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവമായി മാറുകയായിരുന്നു ‘വിക്രം.’ കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിച്ചത്. മാസ്റ്ററിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ടായിരുന്നു.

Story Highlights: Dalapathy 67 title announcement tomorrow