ഈ വർഷത്തെ ഐപിഎൽ മാർച്ച് 31 മുതൽ; ആദ്യ മത്സരം ചെന്നൈയും ഗുജറാത്തും തമ്മിൽ
2023 സീസണിലെ ഐപിഎല്ലിന്റെ ഫിക്സ്ചർ പുറത്ത്. മാർച്ച് 31 മുതലാണ് ഐപിഎൽ നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രണ്ടാം ദിവസം പഞ്ചാബ് കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും ലക്നൗ സൂപ്പർ ജയന്റ്സ് ഡൽഹി ക്യാപിറ്റൽസിനെയും നേരിടും.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. 12 വേദികളിലായാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. പത്ത് ഹോം വേദികൾക്ക് പുറമെ ധർമശാലയിലും ഗുവാഹത്തിയിലും മത്സരങ്ങൾ നടക്കും. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന് റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ വരുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്സും പഞ്ചാബ് കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്‍സുമാണ്.
ആകെ 70 ലീഗ് മത്സരങ്ങളാണ് ഇത്തവണ ഉള്ളത്. മെയ് 21 നാണ് അവസാന ലീഗ് മത്സരം. ഓരോ ടീമും ഏഴ് ഹോം മത്സരങ്ങളും എവേ മത്സരങ്ങളും വീതം കളിക്കും. 2019 ന് ശേഷം ഇന്ത്യയില്‍ ഹോം-എവേ ശൈലിയിലേക്ക് തിരിച്ചെത്തുകയാണ് ഐപിഎല്‍.
Read More: വനിത ഐപിഎൽ; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മെന്ററായി സാനിയ മിർസ…
അതേ സമയം വനിത പ്രീമിയർ ലീഗിന് ശേഷമായിരിക്കും ഐപിഎൽ. മാർച്ച് 4 മുതൽ 26 വരെയാണ് വനിത ഐപിഎൽ നടക്കുന്നത്. 22 മത്സരങ്ങളാണ് സീസണിലുള്ളത്. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ്സിന്റെയും ജുലന് ഗോസ്വാമി മുംബൈ ഇന്ത്യന്‍സിന്റെയും മെന്റര്‍മാരാണ്. സാനിയ മിർസയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മെന്ററായെത്തുന്നത്.
Story Highlights: Ipl 2023 fixture out