“മേക്കപ്പ് പോവുന്നതൊന്നും പ്രശ്നമായി തോന്നിയില്ല..”; വൈറലായ ചിത്രത്തെ പറ്റി മമ്മൂട്ടി

February 4, 2023

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ‘നൻപകൽ നേരത്ത് മയക്കം.’ സമാനതകളില്ലാത്ത മികച്ച പ്രതികരണങ്ങളാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ലിജോയുടെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്.

നേരത്തെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. സിനിമ സെറ്റിൽ ക്ഷീണിച്ചു വെറും നിലത്ത് കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. മമ്മൂട്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റായ ജോർജാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. നൻപകൽ നേരത്ത് മയക്കം എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്.

ഇപ്പോൾ ചിത്രത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് മമ്മൂട്ടി. ഫോട്ടോ എപ്പോഴാണ് എടുത്തതെന്ന് ഓർമ്മയില്ലെന്നും കിടക്കാൻ വേറെ സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്നത് കൊണ്ട് താഴെ കിടന്നതാണെന്നും മമ്മൂട്ടി പറഞ്ഞു. കിടന്നാൽ മേക്കപ്പ് പോവും, അഴുക്ക് പറ്റും, പാൻറ് ചുളിയും എന്നൊന്നും ചിന്തിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: മരുഭൂമിയിൽ ഒരു സ്റ്റൈലൻ യാത്ര- വിഡിയോ പങ്കുവെച്ച് മമ്മൂട്ടി

അതേ സമയം ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു. സംവിധായകന്റെ ഏറ്റവും മികച്ച ചിത്രമായാണ് നൻപകൽ വിലയിരുത്തപ്പെടുന്നത്. 50 വർഷത്തിലേറെ നീണ്ടു നിൽക്കുന്ന നടൻ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയുടെ വിസ്‌മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളത്. കഥാപാത്രമായി പരകായ പ്രവേശം നടത്തുകയായിരുന്നു മമ്മൂട്ടി.

Story Highlights: Mammootty about the viral pic